lock-down

തൃശൂർ: സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ ലോക് ഡൗൺ ഏർപ്പെടുത്തുമോയെന്ന ആശങ്കയിലും ഭീതിയിലുമാണ് ജനങ്ങൾ.

ഇതോടെ പലചരക്ക് കടകളിലും മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. ലോക്ക് ഡൗൺ സാദ്ധ്യത മുന്നിൽകണ്ട് പലചരക്ക് ഉൾപ്പെടെയുള്ളവ വാങ്ങിക്കൂട്ടുകയാണ് പലരും. സാധനങ്ങൾ വാങ്ങുന്നതിന് ഹോം ഡെലിവറി സർവീസുകളെ ആശ്രയിക്കുന്നവരുമുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന മൂലം ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കണ്ടെൻയ്‌മെന്റ് സോണുകൾ ഏറി. തൃശൂർ കോർപറേഷനിലെ 12ലേറെ ഡിവിഷനുകൾ ഇപ്പോൾ കണ്ടെയ്‌ൻമെന്റ് സോണാണ്. ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ നിരോധാജ്ഞയും നിലവിലുണ്ട്.

ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം തൃശൂരിലുമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. കൊവിഡ് വ്യാപനം ഏറിയ ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണലിന് ശേഷം ലോക്ക് ഡൗൺ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

പ്രതിദിനം 100 കേസുകളിൽ താഴെയെത്തിയിരുന്ന കൊവിഡ് രോഗികളുടെ എണ്ണമാണ് പിന്നീട് ഘട്ടംഘട്ടമായി കുത്തനെ ഉയർന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികളാണ് വർദ്ധനവിന് ഇടയാക്കിയതെന്നാണ് ആരോപണം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തിലേറെയായി.

ലോക്ക് ഡൗൺ താങ്ങാനാകില്ലെന്ന് വ്യാപാരികൾ

ഇനിയൊരു ലോക്ക് ഡൗൺ താങ്ങാനാകില്ലെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ. ലോക് ഡൗൺ ഉണ്ടായാൽ സമ്പദ് വ്യവസ്ഥ തകിടം മറിയുമെന്നും അവർ പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം ദുരിതം പേറുന്നത് വ്യാപാരികളാണ്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും പാലിക്കപ്പെടാത്ത സാമൂഹിക അകലം വ്യാപാര സ്ഥാപനത്തിൽ മാത്രം പാലിക്കണമെന്നാണ് ശാഠ്യം. കണ്ടെയ്‌ൻമെന്റ് സോണിലെയും നിരോധാജ്ഞ നിലവിലുള്ള പ്രദേശങ്ങളിലേയും നിയന്ത്രണങ്ങൾ ഓരോയിടത്തും വ്യത്യസ്തമായാണ് ഉദ്യോഗസ്ഥർ നിശ്ചയിക്കുന്നത്. ഇത്തരത്തിൽ ദുരിതം പേറുന്നതിലും ഭേദം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയാണ്. ലോക് ഡൗൺ മൂലം വ്യാപാരികൾ കടക്കെണിയിലാകുമെങ്കിലും കൊവിഡ് കുറയുമെങ്കിൽ അതിനെ സ്വാഗതം ചെയ്യും.
- കെ.വി.അബ്ദുൾ ഹമീദ് (ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി).