കൊടുങ്ങല്ലൂർ: തൃശൂർ - എറണാകുളം ജില്ലകളുടെ തീരമേഖലയെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് നിറുത്തിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബുധനാഴ്ച മുതൽ ജങ്കാർ സർവീസ് നിറുത്തിയത്. തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് മേഖലയിലെ പ്രധാന യാത്രാ മാർഗമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും ദിവസങ്ങളായി മുനമ്പം ഫിഷിംഗ് ഹാർബർ അടച്ചിരിക്കുകയാണ്. ഇതോടെ മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ ജങ്കാർ വഴി അഴീക്കോട് ഹാർബറിൽ എത്തുന്നത് വലിയ തിക്കിനും തിരക്കിനും കാരണമായിരുന്നു. ജങ്കാർ സർവീസ് നിലച്ചതോടെ അഴീക്കോട് ജെട്ടിയും പരിസരവും ആളൊഴിഞ്ഞ അവസ്ഥയിലാണ്.