അന്തിക്കാട്: നിരോധനാജ്ഞ നിലനിൽക്കുന്ന അരിമ്പൂർ, അന്തിക്കാട് പഞ്ചായത്തുകളിൽ ബുധനാഴ്ച ഉച്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശൂർ താലൂക്ക് ക്ലസ്റ്റർ സെക്ടറൽ മജിസ്‌ട്രേറ്റ് കെ.ആർ സുധീർ ഉത്തരവിട്ടു. ഇതുപ്രകാരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ ഉൾപ്പടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 144 പിൻവലിക്കുന്നത് വരെയോ, മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ അടച്ചിടും.
പാൽ സൊസൈറ്റി, ഗ്യാസ്, മെഡിക്കൽ ഷോപ്പ്, റേഷൻ കട, ബാങ്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. സഹകരണ സൊസൈറ്റികളും അക്ഷയ കേന്ദ്രവും പ്രവർത്തിക്കില്ല. ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ഓടാൻ അനുമതിയില്ല. പൊതുഗതാഗത്തിന്റെ ഭാഗമായി ബസുകൾ സർവീസ് നടത്തുമെങ്കിലും പഞ്ചായത്തിലെ സ്റ്റോപ്പുകളിൽ ആളുകളെ ഇറക്കാനോ കയറ്റാനോ അനുമതിയില്ല. ബുധനാഴ്ച ഉച്ചയോടെ മുന്നറിയിപ്പില്ലാതെ ഇറങ്ങിയ ഉത്തരവ് വ്യാപാരികളെയും ജനങ്ങളെയും ആശങ്കയിലാക്കി. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.