കയ്പമംഗലം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നിർദ്ദേശത്തിനായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചുചേർത്തു. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെയും സാനിറ്റൈസറോ, സോപ്പോ ഉപയോഗിക്കാതെ അശ്രദ്ധ കാണിക്കുന്നവരുടെ എണ്ണം കൂടുന്ന സഹചര്യത്തിലാണ് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഉന്നതതല യോഗം വിളിച്ച് ചേർത്തത്.
നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മണ്ഡലത്തിലെ ടൂറിസ്റ്റ് മേഖലയായ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തും. മതിലകം ബ്ലോക്കിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ ഗിരിജ, വൈസ് പ്രസിഡന്റ് സലീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ് മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ടി.കെ ചന്ദ്രബാബു തുടങ്ങിയവരും പെരിഞ്ഞനം പി.എച്ച്.സി സൂപ്രണ്ട് ഡോ. സാനു, പഞ്ചായത്ത് സെക്രട്ടറിമാർ, പൊലീസ് ഉദ്ധ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.