അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകൾ
ചാലക്കുടി: ബുധനാഴ്ചയും ചാലക്കുടി മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞില്ല. നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമായി നടന്ന പരിശോധനകളിൽ 163 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊരട്ടിയിൽ മുപ്പത് പേരുടെ പരിശോധന ഫലം പൊസിറ്റീവായി. വൈറസ് തീവ്രത കൂടിയ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണാക്കി. കൊരട്ടിയും കോടശേരിയും വൈകാതെ അടച്ചിടലിലേക്ക് പോകുമെന്നാണ് സൂചന. നഗരസഭ പരിധിയിൽ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊരട്ടിയിലും കാടുകുറ്റിയിലും മുപ്പത് വീതം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിതമായാണ് അതിരപ്പിള്ളിയിൽ രോഗികളുടെ എണ്ണം കൂടിയത്. ബുധനാഴ്ച 24 വൈറസ് ബാധിതരെ തിരിച്ചറിഞ്ഞു. വെറ്റിലപ്പാറയിൽ നടന്ന ഒരു വിവാഹ സൽക്കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കാണ് കൂടുതലും രോഗം പിടിപെട്ടത്. മേലൂർ പഞ്ചായത്തിൽ 16 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. പരിയാരം 20, കോടശേരി 12 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം.