തൃപ്രയാർ: നിരോധനാജ്ഞ പ്രഖ്യാപിച്ച നാട്ടിക പഞ്ചായത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ എർപ്പെടുത്തി. വലപ്പാട് സി.ഐ കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് കർശനപരിശോധനയാണ് നടത്തിയത്. ബുധനാഴ്ച രാവിലെ തൃപ്രയാർ പോളി ജംഗ്ഷനിൽ നടന്ന പരിശോധനയിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിയമലംഘനം നടത്തിയ നിരവധി പേർക്ക് പിഴ ചുമത്തി. അനാവശ്യമായി റോഡിലിറങ്ങിയവരെ പൊലീസ് താക്കീതു ചെയ്തു വിട്ടു. ഇന്നു മുതൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു. നാട്ടികയിൽ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ നാട്ടികപഞ്ചായത്തിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.