bus

ചാലക്കുടി: കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസ് മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ലോക്ഡൗണിനു ശേഷം നിരത്തിലിറങ്ങിയ ബസുകളിൽ ഭൂരിഭാഗവും സർവീസ് നിറുത്തിവച്ചു. കൊവിഡ് മാനദണ്ഡ പ്രകാരം യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഉടമകൾ ബസുകൾ പിൻവലിക്കാൻ നിർബന്ധിതരായത്.

ചാലക്കുടി മേഖലയിൽ ഇപ്പോൾ സർവീസ് നടത്തുന്നത് നാൽപ്പതോളം ബസുകൾ മാത്രമാണ്. നൂറ്റിയമ്പതോളം ബസുകൾ നേരത്തെ ഓടിയിരുന്നു. ലോക്ഡൗണിന് ശേഷം അത് നൂറിലേക്ക് ചുരുങ്ങി. കൊവിഡ് രൂക്ഷമായ കാടുകുറ്റി, മേലൂർ, പരിയാരം, അതിരപ്പിള്ളി എന്നീ പഞ്ചായത്തുകളിലേക്കുള്ള സർവീസുകൾ പൂർണമായും നിറുത്തിവച്ചു.

ഇരിങ്ങാലക്കുട മേഖലയിലേക്ക് കൂടുതൽ യാത്രക്കാരുള്ളതിനാൽ അവിടേക്കുള്ള സർവീസുകളാണ് ഇപ്പോൾ തുടരുന്നത്. ജനത്തിരക്കില്ലാത്ത പല റൂട്ടുകളിലെയും സർവീസുകൾ മുമ്പേ റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളിൽ നിലവിലെ സർവീസുകൾ പലതും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ബസ് ഉടമ പ്രതിനിധി പയ്യപ്പിള്ളി ജോൺസൺ പറയുന്നത്.

സർവീസുകൾ കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളും ദുരിതത്തിലാണ്. പലരും മറ്റു ജോലികൾ തേടി പോകേണ്ട അവസ്ഥയിലാണ്. ബസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ബസ് സ്റ്റാൻഡുകളിലെ ചെറുകിട കച്ചവടക്കാരും ബുദ്ധിമുട്ടിലായി. പലരും കടകൾപൂട്ടി വീട്ടിലിരിപ്പാണ്. കൊവിഡ് കണക്കുകൾ കുതിക്കുമ്പോഴും നിയന്ത്രണത്തിന്റെ പിടിയിൽപ്പെട്ട് സ്വകാര്യ ബസ് മേഖല കൂപ്പുകുത്തുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.