deaddiction

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറുകളും ബിവറേജ് ഔട്ട്‌ ലെറ്റുകളും അടക്കാൻ തീരുമാനിച്ചതോടെ മദ്യം ലഭിച്ചില്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് ചികിത്സാസൗകര്യം ഒരുക്കി എക്സ്സൈസ് വകുപ്പ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ജില്ലയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമർദ്ദത്തിൽ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ആണ് എക്സൈസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിമുക്തിയുടെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപതി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ കൗൺസിലിംഗ്, കിടത്തി ചികിത്സ ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ പൂത്തോളിലിൽ പ്രവർത്തിക്കുന്ന സീതാലയം ഹോമിയോ ആശുപത്രി, രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ ഇതിനോടകം നിരവധി പേരാണ് ചികിത്സ തേടിയതെന്നു വിമുക്തി കോഡിനെറ്റർ കെ. കെ. രാജു പറഞ്ഞു. ഇവിടെ സൗജന്യ ചികിത്സ, കൗൺസിലിംഗ്, സൈക്യാട്രി വിഭാഗം, സൈക്കോളജി, സോഷ്യൽ വർക്കറുടെ സേവനം എന്നിവ ലഭ്യമാണ്. അതേ സമയം കഴിഞ്ഞ തവണ മദ്യശാലകൾ അടച്ചതോടെ വ്യാപകമായി വ്യാജ വാറ്റ് കേന്ദ്രങ്ങൾ എക്സ്സൈസ് വകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ആയിരകണക്കിന് ലിറ്റർ സ്പിരിറ്റും വാറ്റ് ചാരായവുമാണ് പിടികൂടിയിരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിച്ചു തുടങ്ങി. ഇന്നലെ കർണാടകയിൽ നിന്ന് കടത്തിയ നാലു ലിറ്റർ മദ്യം എക്സൈസ് വിഭാഗം പിടിച്ചെടുത്തിരുന്നു.

മദ്യം ലഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ

മദ്യ ഷാപ്പുകൾ അടച്ചതോടെ അനധികൃത മദ്യ വില്പന നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശക്തമായ നടപടികൾ കൈകൊള്ളും. ഷാഡോ വിഭാഗം, ഇന്റലിജെൻസ് വിഭാഗം എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കെ. എസ്. ഷാജി,

ഡെപ്യൂട്ടി കമ്മിഷണർ,

എക്സൈസ്