തൃശൂർ: 18 പഞ്ചായത്തുകളിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെത്തിയതോടെ 18 പഞ്ചായത്തുകളിലെ സ്ഥിതി കൂടുതൽ സങ്കീർണം. എടവിലങ്ങ്, പുന്നയൂർക്കുളം, വരവൂർ, ഏറിയാട്, ചൂണ്ടൽ, ചാവക്കാട്, ചാഴൂർ, വേലൂർ, വരന്തരപ്പിള്ളി, പാവറട്ടി, ശ്രീനാരായണപുരം, കടവല്ലൂർ, കാട്ടാകാമ്പൽ, മുള്ളൂർക്കര, അവിണിശ്ശേരി, വെങ്കിടങ്ങ്, അന്തിക്കാട്, എരുമപ്പെട്ടി പഞ്ചായത്തുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നത്.
സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളെ അതിനിയന്ത്രിത മേഖലകളാക്കി പ്രഖ്യാപിച്ചു. രോഗ വ്യാപനം രൂക്ഷാവസ്ഥയിലുള്ള മുളങ്കുന്നത്ത്കാവ്, നാട്ടിക, ദേശമംഗലം, അതിരപ്പിള്ളി, വെള്ളാങ്ങല്ലൂർ, പാണഞ്ചേരി, ചൊവ്വന്നൂർ, എടവിലങ്ങ്, അരിമ്പൂർ, പുത്തൻചിറ, പരിയാരം, മേലൂർ, കാടുകുറ്റി, മുല്ലശ്ശേരി, കടപ്പുറം, കണ്ടാണശ്ശേരി, തെക്കുംകര, വാടാനപ്പിള്ളി, ചേലക്കര, വള്ളത്തോൾ നഗർ, പാറളം, മതിലകം, മാള, ഏങ്ങണ്ടിയൂർ, എരുമപ്പെട്ടി പഞ്ചായത്തുകളെയും അതിനിയന്ത്രിത മേഖലകളാക്കി.
ഏപ്രിൽ 28 ലെ കണക്ക് പ്രകാരം ജില്ലയിൽ 25,738 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 123 പേർ മറ്റ് ജില്ലകളിലും ചികിത്സയിലുണ്ട്. ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിദ്ധ്യം തൃശൂരിലും ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അതിനാൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയുമുയരാനുള്ള സാദ്ധ്യതയാണുള്ളത്.
ഈ സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കാൻ സർവ സന്നാഹങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. നിരോധിത മേഖലകളിൽ ആളുകൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നത് തടയാനും കർശന നിയന്ത്രണം ഏർപ്പെടുത്താനുമാണ് തീരുമാനം.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടുമെത്തും
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും വരും. വീടുകളിൽ തുടരാൻ കഴിയാത്തവർക്കായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുക. വാർഡ് തലത്തിൽ ആർ.ആർ.ടികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. ആവശ്യമെങ്കിൽ ജനകീയ ഹോട്ടലുകൾ മുഖേന ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണവും നടത്തും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ പ്രതിരോധത്തിനായി ആയുർവേദ, ഹോമിയോ മരുന്നുകൾ വിതരണം നടത്തും. ആദിവാസി മേഖലകളിലടക്കം പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും.
കരുതലോടെ നീങ്ങാൻ ആശുപത്രികൾക്ക് നിർദ്ദേശം
കൊവിഡ് രണ്ടാംതരംഗം ആഞ്ഞുവീശുമ്പോൾ കരുതലോടെ നീങ്ങാൻ ആശുപത്രി അധികൃതർക്ക് ജില്ലാ ആരോഗ്യവകുപ്പ് നിർദ്ദേശം. ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ പൂർണമായി കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കാനും നിർദ്ദേശം നൽകി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പാവറട്ടി 82.50
മുള്ളൂർക്കര 71.79
വേലൂർ 64.52
അന്തിക്കാട് 64.41
കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം പാലിക്കാത്തവർക്കെതിരെ ഇനി മുതൽ കർശന നടപടികളുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. മരണം, ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. കോടതികൾ, റവന്യൂ, ആരോഗ്യം, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസ്, വൈദ്യുതി ഓഫീസ് എന്നിവയ്ക്ക് പ്രവർത്തിക്കാം. ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാം. വഴിയോര കച്ചവടം, വാഹനങ്ങളിൽ സഞ്ചരിച്ചുള്ള കച്ചവടം, തട്ടുകടകൾ എന്നിവ പാടില്ല. നിർമ്മാണ മേഖലയിലെ ജോലികൾക്ക് അന്യസംസ്ഥാനത്തു നിന്ന് തൊഴിലാളികളെ കൊണ്ടുവരരുത്.
എസ്. ഷാനവാസ്
കളക്ടർ, തൃശൂർ.