നിർമ്മാണം തുടങ്ങിയത് കേരളകൗമുദി വാർത്തയെ തുടർന്ന്
മാള: പൊതുമരാമത്ത് വകുപ്പ് പൂപ്പത്തിയിൽ നിർമ്മിച്ച കലുങ്കിൽ അപകടങ്ങൾ പതിവാകുന്നത് ഒഴിവാക്കാൻ നടപടിയായി. കലുങ്കിനനുസരിച്ച് റോഡ് ഉയർത്തുന്നതിനുള്ള നിർമ്മാണങ്ങൾക്ക് തുടക്കമായി. കേരളകൗമുദി വാർത്തയെ തുടർന്ന് പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് പൊതുമരാമത്ത് വകുപ്പ് അധികൃതരെ കണ്ട് കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടിയായത്.
സ്ലാബിനോട് ചേർന്നുള്ള മണ്ണ് നീക്കി അഞ്ച് മീറ്ററോളം ഇരുവശത്തും കോൺക്രീറ്റ് ചെയ്യുന്ന നിർമ്മാണങ്ങൾക്കാണ് തുടക്കം കുറിച്ചത്. നിർമ്മാണം ആരംഭിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി രാത്രിയിൽ ഇവിടെ അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു. സമീപവാസികളായ സത്യന്റേയും ജിബീഷിന്റെയും നേതൃത്വത്തിലായിരുന്നു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. പൂപ്പത്തിയിൽ നിന്ന് വലിയപറമ്പിലേക്കുള്ള റോഡിൽ ഏരിമ്മൽ ക്ഷേത്രത്തിന് സമീപത്താണ് കലുങ്ക് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ മുതൽ അപകടങ്ങളും തുടങ്ങി.
റോഡിൽ നിന്ന് ഒന്നര അടിയോളം ഉയർന്നു നിൽക്കുന്ന കലുങ്കിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടാക്കുന്നത്. മൂന്ന് മാസത്തിനകം പത്തിലധികം പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. നിരവധി പേർക്ക് സാരമല്ലാത്ത പരിക്കുകളും ഉണ്ടായിട്ടുണ്ട്.