വാടാനപ്പിള്ളി: ചിറകൊടിഞ്ഞ് അവശയായ വെള്ളിമൂങ്ങയ്ക്ക് തളിക്കുളം അനിമൽ കെയർ സൊസൈറ്റി രക്ഷകരായി. കാരമുക്ക് റിട്ടയേർഡ് എസ്.ഐ കാളാനി രാജന്റെ വസതിയിൽ രാത്രി പന്ത്രണ്ട് മണിയോടയാണ് വെള്ളിമൂങ്ങയെ കണ്ടത്. എയർഹോളിലൂടെ കറങ്ങുന്ന ഫാനിൽ ചിറകടിച്ച് ചിറകിന്റെ എല്ല് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു. പറക്കാൻ കഴിയാത്ത അവസ്ഥയിലായതിനെ തുടർന്ന് മണലൂർ സി.പി.എം എൽ സി സെക്രട്ടറിയായിരുന്ന പ്രഭാത് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനംവകുപ്പ് തളിക്കുളത്തെ അനിമൽ കെയർ പ്രവർത്തകരെ ബന്ധപ്പെട്ടു. തുടർന്ന് തളിക്കുളം വെറ്ററിനറി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി. വെള്ളിമൂങ്ങയുടെ എല്ലുകൾ യോജിപ്പിച്ച് സ്റ്റിച്ച് ഇടുകയും ഇഞ്ചക്ഷനും മരുന്നും നൽകുകയും ചെയ്തു. അറ്റന്റർ അനിത ഇ.ജി, സൊസൈറ്റി പ്രവർത്തകരായ മുൻ പഞ്ചായത്ത് അംഗം രമേഷ് പി.ആർ, റജിൽ, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, അയ്യപ്പൻ അന്തിക്കാട്ട്, സത്യൻ, സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ സലിം എന്നിവർ സഹായികളായി. പറക്കാൻ കഴിയുന്നതുവരെ അനിമൽ കെയറിന്റെ സംരക്ഷണയിലുണ്ടാകുമെന്ന് പ്രവർത്തകർ അറിയിച്ചു.