1

വടക്കാഞ്ചേരി: കൂട്ടുകാരോട് മിണ്ടരുത്, അകലം പാലിച്ചും കൈയുറ ധരിച്ചും പരീക്ഷയെഴുതണം. ഇടയ്ക്കിടെ സാനിറ്റൈസർ ടീച്ചർ തരും. മറക്കാനാകില്ല ഈ അനുഭവം... എസ്.എസ്.എൽ.സി അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ അത്താണി ജെ.എം.ജെ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വരവൂർ സ്വദേശിനി സംവൃത സന്തോഷിന് പറയാനുള്ളതിങ്ങനെ.

എസ്.എസ്.എൽ.സി പരീക്ഷ ഇക്കുറി എഴുതിയ വിദ്യാർത്ഥികൾക്കെല്ലാം പറയാനുള്ളത് ഈവിധ കാര്യങ്ങൾ തന്നെ. മഹാമാരിയുടെ കാലത്ത് പകച്ചു നിൽക്കാതെ മികച്ച രീതിയിൽ പരീക്ഷയെഴുതി പൂർത്തിയാക്കിയതിന്റെ ആഹ്‌ളാദത്തിലാണ് എല്ലാവരും. കൊവിഡ് കാലത്തെ എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പ് നിയന്ത്രണങ്ങൾക്കൊപ്പം ഏറെ കരുതലും നിറഞ്ഞതായിരുന്നു.

കനത്ത സുരക്ഷയോടെ നടന്നുവന്നിരുന്ന പരീക്ഷയ്ക്ക് ഇന്നലെ നടന്ന മലയാളം രണ്ടാം പേപ്പറോടെയായിരുന്നു സമാപനം കുറിച്ചത്. മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ അദ്ധ്യാപകരും മറ്റും ചേർന്ന് സ്വീകരിച്ച മുൻകരുതലുകൽ ചെറുതല്ല. മാസ്‌കും കൈയുറകളും അണുനശീകരണവുമൊക്കെ നടത്തിയുള്ള ഈ പരീക്ഷാകാലം തീർത്തും വേറിട്ടതായി.

പരീക്ഷയ്ക്ക് എത്തുന്നതിനു മുൻപും ശേഷവും സന്തോഷം പങ്കിടുന്ന പതിവുകാഴ്ചകളും കൂട്ടം ചേരലുമൊന്നും ഇല്ലാതെ മഹാമാരിക്കാലത്തെ പരീക്ഷാക്കാലം വിടചൊല്ലി. ഉയർന്ന മാർക്കിനേക്കാൾ കുട്ടികളുടെ സുരക്ഷ മുൻനിറുത്തി അദ്ധ്യാപകരും രക്ഷിതാക്കളും ഒരുക്കിയ കരുതലിന്റെ പരീക്ഷാകാലം അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയായി.