വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തെക്കുംകര പഞ്ചായത്തിൽ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കിട്ടാതെ വലയുന്നുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം മുതലാണ് തെക്കുംകര പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവിട്ടത്. പഞ്ചായത്തിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പഞ്ചായത്ത് അടച്ചിടുമ്പോൾ അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തെക്കുംകര പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരികളുടെ യോഗത്തിലായിരുന്നു ആർ.ആർ.ടി വളണ്ടിയർമാർ മുഖേന അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുമെന്ന് അറിയിച്ചത്. എന്നാൽ പഞ്ചായത്ത് ഇതിനായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.

സാധനങ്ങൾ കിട്ടാതായതോടെ ദിവസക്കൂലി എടുക്കുന്ന തൊഴിലാളികളും, കൂലിപ്പണിക്കാരും ഉൾപ്പെടെയുള്ളവർ ഭക്ഷ്യവസ്തുക്കൾ കിട്ടാതെ വലയുകയാണ്. ഭക്ഷ്യവസ്തുക്കൾ കിട്ടാൻ പഞ്ചായത്ത് ഉടൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മലയോര പ്രദേശമായ തെക്കുംകര പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങളിൽപെട്ടവർ കരുതൽ സ്വീകരിക്കുന്നതും കുറവാണ്.