കൊടുങ്ങല്ലൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് വീടുകളിൽ താമസിക്കാൻ കഴിയാത്ത രോഗികൾക്കു വേണ്ടി നഗരസഭ നിർമ്മിക്കുന്ന ഡോമിസിലറി കെയർ സെന്റർ സജ്ജമാവുന്നു. ഇതിന്റെ ഭാഗമായി നഗരസഭയിൽ സർവകക്ഷിയോഗവും അടിയന്തിര കൗൺസിലും കൂടി തീരുമാനങ്ങൾ എടുത്തു. ശൃംഗപുരത്തെ പി.ബി.എം. ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഡോമിസിലറി ആക്കാനുള്ള സജ്ജീകരണങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. നഗരസഭയിൽ പ്രത്യേകം കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 44 വാർഡുകളിലും കൊവിഡ്19 രണ്ടാം തരംഗ ജാഗ്രത നിർദ്ദേശങ്ങൾ അറിയിച്ച് വെള്ളിയാഴ്ച മുതൽ അനൗൺസ്‌മെന്റ് തുടങ്ങി. കൂടാതെ ടെലി കൗൺസിലിംഗിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധിച്ചവർക്ക് ഭയമില്ലാതെ ഹോം ക്വാറന്റൈനിൽ കഴിയാനുള്ള നിർദ്ദേശങ്ങൾ കൗൺസിലിംഗിലൂടെ ലഭിക്കുന്നതായിരിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കൂടിയ അടിയന്തര കൗൺസിലിലാണ് (ഇ. കൗൺസിൽ )ഇത്തരം തീരുമാനങ്ങൾ ഉണ്ടായതെന്ന് ചെയർപേഴ്‌സൺ എം.യു ഷിനിജ അറിയിച്ചു. (കൺട്രോൾ റൂം 9497657875, ടെലി കൗൺസിലിംഗ് 8137028602, 9745260235.