പുതുക്കാട്: പഞ്ചായത്തിൽ ഇന്നലെ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു രോഗവ്യാപനം രൂക്ഷമായതോടെ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ വിഭാഗം പഞ്ചായത്ത് അധികൃതർക്ക് ശുപാർശ നൽകി. പ്രധാനമായും ബസാർ റോഡിലെ തിരക്ക് നിയന്ത്രിക്കണമെന്നാണ് ശുപാർശ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പല കച്ചവട സ്ഥാപനങ്ങളിലും തിരക്ക്. പൊലീസിന്റെ പട്രോളിംഗ് തുടരുന്നുണ്ടെങ്കിലും തിരക്കിന് ശമനമില്ല. സമീപ പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകളായതോടെയാണ് പുതുക്കാട് ടൗണിൽ തിരക്കേറാൻ കാരണം.
പറപ്പൂക്കരയിൽ 41 പേർക്ക് കൊവിഡ്;
അടിയന്തര ഭരണസമിതി യോഗം ഇന്ന്
നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിൽ ഇന്നലെ 41 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 ശതമാനത്തിലേറെയാണ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 155 പേർക്ക് നടത്തിയ പരിശോധനയിലാണ് 41 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം കൂടിയതോടെ ഇന്ന് പഞ്ചായത്തിൽ അടിയന്തര ഭരണ സമിതിയോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന് പ്രസിഡന്റ് ഇ.കെ. അനൂപ് അറിയിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടയ്ൻമെന്റ് സോണാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ചർച്ച ചെയ്യും.
വരന്തരപ്പിള്ളിയിൽ 34 പേർക്ക് കൊവിഡ്
വരന്തരപ്പിള്ളി: പഞ്ചായത്തിൽ 100 പേർക്ക് നടത്തിയ പരിശോധനയിൽ 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നൂറിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്രമാതീതമായി ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. നിലവിൽ എല്ലാ വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ ഏർപ്പെടുത്തിയിരുക്കുയാണ്. മലയോര, ആദിവാസി മേഖലകളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.