ചാലക്കുടി: ലോക്ക് ഡൗൺ പ്രഖ്യാപിച്ച മേലൂരിൽ പഞ്ചായത്ത് അധികൃതരും പൊലീസും തമ്മിൽ വാഗ്വാദം. കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അടക്കം പത്തു പേർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു.

റോഡ് അടച്ചു കെട്ടുന്നതിൽ സഹകരിക്കുന്നില്ലെന്നാണ് പൊലീസിനെതിരെ പഞ്ചായത്തംഗങ്ങളുടെ ആരോപണം. തങ്ങളോട് ആലോചിക്കാതെ പ്രധാന റോഡ് അടച്ചുകെട്ടിയതിനെതിരെ പൊലീസും നിലപാട് സ്വീകരിച്ചു. മുരിങ്ങൂർ ജംഗ്ഷനിൽ അടച്ചുകെട്ടിയ റോഡ് തുറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് പഞ്ചായത്ത് പ്രസിഡന്റിനെയും സഹപ്രവർത്തകരെയും ചൊടിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ട് മുതൽ ലോക്ക് ഡൗണാക്കിയ വാർഡുകളിലെ റോഡുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടും പൊലീസ് എത്തിയില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ കുറ്റപ്പെടുത്തി. തുടർന്ന് പ്രസിഡന്റും അനുയായികളും പൊലീസ് ജീപ്പിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് എസ്.എച്ച്.ഒ: ബി.കെ. അരുൺ സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തുടർന്ന് വൈകീട്ട് പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ചയും നടത്തി. പീന്നീടാണ് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.