ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി നഗരസഭ. താലൂക്ക് ആശുപത്രിയിലേക്ക് കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കാനായത് ഗുരുതര പ്രതിസന്ധി ഒഴിവാക്കി. സ്വകാര്യ വ്യക്തികളും ആശുപത്രികളും ഓക്‌സിജൻ സിലിണ്ടറുകൾ നൽകിയിട്ടുണ്ട്.
ചാലക്കുടി സെന്റ് ജയിംസ് അക്കാഡമിയിൽ സി.എഫ്.എൽ.ഡി.സി ആരംഭിക്കുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച മുതൽ 350 കിടക്കകളുള്ള ഇവിടെ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരും വീടുകളിൽ സൗകര്യമില്ലാത്തതുമായ ആളുകൾക്കായി പോട്ട വ്യാസ വിദ്യാനികേതൻ സ്‌കൂളിൽ ഡൊമിസിലറി കെയർ സെന്റർ തിങ്കളാഴ്ച തന്നെ തുടങ്ങും.
ഇരുകേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വി.ആർ പുരം കമ്മ്യൂണിറ്റി ഹാളിൽ സമൂഹ അടുക്കളയും തുടങ്ങുന്നുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളെയും സാമുദായിക സംഘടനകളെയും യോജിപ്പിച്ച് കൊവിഡ് പ്രതിസന്ധി മറികടക്കാനാണ് നഗരസഭ ആഗ്രഹിക്കുന്നതെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു.
പ്രാൺ പദ്ധതിയിലേക്ക് സംഭാവനാ പ്രവാഹം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ നടപ്പിലാക്കുന്ന പ്രാൺ പദ്ധതിയിലേക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി ഒരു ലക്ഷം രൂപ നൽകി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വികാരി ഫാ. ജോസ് പാലാട്ടിയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. കല്ലിങ്ങൽ ഫാമിലി ട്രസ്റ്റും ഒരു ലക്ഷം രൂപ നൽകി. പ്രസിഡന്റ് കെ.വി. പോൾ ചെക്ക് കൈമാറി. ഷിബു വാലപ്പൻ, സി.എസ്. വിനു, ലൈജു പെരേപ്പാടൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. എസ്.എച്ച് കോളേജ് 25,000 രൂപ നൽകിയിട്ടുണ്ട്. സമൂഹ അടുക്കളയിലേക്ക് കൗൺസിലർ വത്സൻ ചമ്പക്കര 500 തേങ്ങ വാഗ്ദാനം ചെയ്തു. മറ്റു കൗൺസിലർമാരും സുമനസുകളിൽ നിന്നും പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചു.