election

തൃശൂർ :വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം അവശേഷിക്കേ എക്സിറ്റ് പോളുകൾ നൽകിയ മുൻ‌തൂക്കം എൽ.ഡി. എഫിന് ആത്മവിശ്വാസം നൽകുമ്പോൾ എക്സിറ്റ്പോൾ മറി കടന്നുള്ള അനുകൂല ജനവിധി ആയിരിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് യു.ഡി.എഫ് നേതാക്കൾ. തൃശൂർ ഉൾപ്പെടെ ഉള്ള മണ്ഡലങ്ങളിൽ അട്ടിമറി വിജയം കൈവരിക്കുമെന്ന് എൻ.ഡി.എ യും അവകാശപ്പെടുന്നു. ഇന്നലെ പുറത്ത് വന്ന സ്വകാര്യ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലത്തിൽ എൽ.ഡി.എഫിന് വ്യക്തമായ മുൻ‌തൂക്കം ആണ് നൽകുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന വലിയ വിജയം പ്രവചിക്കുന്നില്ല. 13 മണ്ഡലങ്ങളിൽ ഇത്തവണ 10 ഇടങ്ങളിൽ ആണ് എൽ.ഡി.എഫിന് വിജയം പറയുന്നത്. മൂന്നിടങ്ങളിൽ യു.ഡി.എഫിന് വിജയം പറയുന്നു. തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ആണ് യു.ഡി.എഫിന് മുൻ‌തൂക്കം. എന്നാൽ, ഈ മണ്ഡലങ്ങളിലും നേരിയ മുൻതുക്കം മാത്രമേ ഉള്ളു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ഫലം പ്രവചനതീതം ആണ്. യു. ഡി. എഫിലെ പദ്മജക്കാണ് ഇവിടെ മുൻ‌തൂക്കം. എന്നാൽ എൽ. ഡി. എഫിന് മൂന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. എൻ. ഡി. എ യുടെ സുരേഷ് ഗോപിക്കാണ് രണ്ടാം സ്ഥാനം പറഞ്ഞിരിക്കുന്നത്. മറ്റൊരു ശക്തമായ മത്സരം നടന്ന ഇരിങ്ങാലക്കുട, വടക്കാഞ്ചേരി മണ്ഡലങ്ങളും രണ്ടു ഭാഗത്തേക്കും ചായാനുള്ള സാദ്ധ്യതയാണ് വിലയിരുത്തുന്നത്. ബി.ജെ.പി പത്രിക തള്ളിയ ഗുരുവായൂർ മണ്ഡലത്തിലും എൽ.ഡി.എഫിനാണ് വിജയ സാദ്ധ്യത നൽകിയിരിക്കുന്നത്. കുന്നംകുളത്ത്‌ മന്ത്രി എ.സി. മൊയ്‌ദീൻ അനായാസ വിജയം നേടുമെന്ന് പ്രവചിക്കുന്നു. എന്നാൽ എക്സിറ്റ് പോളുകൾ അപ്പാടെ തള്ളി കളയുകയാണ് യു.ഡി.എഫ്. അതേ സമയം, ഇതിലും മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു.