vote

തൃശൂർ: മേയ് രണ്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളായി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നൽകിയ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ ക്രമീകരിച്ചത്.

രാവിലെ ആറിന് വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അതത് കൗണ്ടിംഗ് സെന്ററുകളിലെത്തും. ഉദ്യോഗസ്ഥരുടെ അറ്റൻഡൻസ് ഉറപ്പാക്കിയ ശേഷം ഓരോ ജോലിക്കുമായി റാൻഡമൈസേഷൻ നടത്തും. ഏഴോടെ റാൻഡമൈസേഷൻ പൂർത്തിയാകും.

പിന്നീട് ഓരോ ടേബിളിലേക്കുള്ള ഉദ്യോഗസ്ഥരെ വരണാധികാരി നിശ്ചയിക്കും. എട്ടിന് പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിലെത്തിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റൽ ബാലറ്റ് തുറക്കുക. 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക.

ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കും. ഇവിടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടാകും. ഇവിടെ നിന്നും കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്‌സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണൽ ടേബിളിലെത്തിക്കുക. ഇത് സീൽ ചെയ്തത് തന്നെയാണെന്ന് കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ഉറപ്പ് വരുത്തും.

ആദ്യം കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയത് തന്നെയാണെന്ന് ഉറപ്പ് വരുത്തും. അതിന് ശേഷമായിരിക്കും ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കുക. ഇത് ഫോമിന്റെ രണ്ടാം പാർട്ടിൽ എഴുതിച്ചേർക്കും. സൂപ്പർവൈസർമാരായിരിക്കും ഫോമിൽ എഴുതിച്ചേർക്കുക. മൈക്രോ ഒബ്‌സർവർമാരുടെയും കൗണ്ടിംഗ് ഏജന്റിന്റെയും സാന്നിദ്ധ്യത്തിൽ ഫോമിൽ കൗണ്ടിംഗ് ഏജന്റുമാർ സാക്ഷിയായി ഒപ്പിടും. ഇതിന്റെ കോപ്പി വരണാധികാരിക്ക് കൈമാറും.

ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കൺട്രോൾ യൂണിറ്റും പരിശോധിച്ച് കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുക. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്‌തെടുക്കുന്ന പോളിംഗ് സ്‌റ്റേഷനുകളിലെ വി.വി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.