കൊടുങ്ങല്ലൂർ: കൊല്ലം അരിപ്പയിൽ കുടിൽ കെട്ടി താമസിക്കുന്ന ദളിത് ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ലോക്ഡൗൺ സമയത്ത് പ്രൊഫ. കുസുമം ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പേരിൽ പൊലീസ് എടുത്ത കേസ് പിൻവലിക്കണമെന്ന് കൊടുങ്ങല്ലൂരിലെ സ്ത്രീ കൂട്ടായ്മ ആവശ്യപ്പെട്ടു.
പോസ്റ്റ് കലാപമുണ്ടാക്കാനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് കുളത്തൂപ്പുഴ പൊലീസാണ് പ്രൊഫ. കുസുമം ജോസഫിനെതിരെ കേസെടുത്തത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് അരിപ്പ സമര നേതാക്കളിൽ നിന്നും കിട്ടിയ വിവരം പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് പ്രൊഫ. കുസുമം ജോസഫ് വെളിപ്പെടുത്തിയത്.
കുളത്തൂപ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലെത്താൻ താമസിക്കുന്നതും, നിഷേധിക്കുന്നതുമായ വിവരങ്ങൾ അറിഞ്ഞാൽ അത് സർക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വമാണ്
കുസുമം ജോസഫ് ചെയ്തതെന്ന് കൂട്ടായ്മ പറഞ്ഞു. കള്ളക്കേസ് ചമയ്ക്കാൻ ഗൂഢാലോചന നടത്തിയ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്ത്രീ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. നജു ഇസ്മയിൽ അദ്ധ്യക്ഷയായി.