mathilakm

കയ്പമംഗലം: നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ 8,000 ചതുരശ്രയടിയോളം വരുന്ന വിശാലമായ പന്തലിലാണ് വോട്ടെണ്ണൽ നടക്കുക. 13 റൗണ്ടുകളിലായി 260 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിനായി 21 മേശകളും, പ്രത്യേക ബാലറ്റ് പേപ്പറുകൾ എണ്ണുന്നതിനായി ഏഴ് മേശകളും സജ്ജീകരിച്ചിട്ടുണ്ട്. ആർ.ഒയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സർവീസ് വോട്ടുകൾ എണ്ണും. മണ്ഡലത്തിൽ നാലായിരത്തോളം പോസ്റ്റൽ വോട്ടുകളാണുള്ളത്. സ്‌പെഷ്യൽ ബാലറ്റ് വോട്ടുകൾ എണ്ണുന്നതിന് ഓരോ മേശയിലും ഓരോ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കാണ് ചുമതല. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും.