കൊടുങ്ങല്ലൂർ: കൊവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ. ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി പരിചരണം നൽകാൻ കഴിയാത്ത രോഗികളെ ഡൊമിസിലറി കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കും. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും.
ശ്രീനാരായണപുരം പഞ്ചായത്തിലെ എം.ഇ.എസ് അസ്മാബി കോളേജ് വിമൻസ് ഹോസ്റ്റലിൽ ഭരണ സമിതിയുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഒരുക്കും. ഹോസ്റ്റൽ അണുവിമുക്തമാക്കി ആവശ്യമായ ബെഡുകൾ തയ്യാറാക്കും. പഞ്ചായത്തിലെ 396 പേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് അടിയന്തിരമായി ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കുന്നത്.
ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, കോളേജ് പ്രിൻസിപ്പൽ ബിജു, പഞ്ചായത്ത് സെക്രട്ടറി കെ.എസ് രാമദാസ് തുടങ്ങിയവർ സെന്ററുകൾ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കൊടുങ്ങല്ലൂർ നഗരസഭ ശൃംഗപുരത്തെ സ്‌കൂളിലാണ് ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കിയിട്ടുള്ളത്. നഗരസഭ പരിധിയിലെ കൊവിഡ് പൊസിറ്റീവായവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ആദ്യ ഘട്ടത്തിൽ 50 രോഗികൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ആവശ്യമെങ്കിൽ 100 പേർക്കുള്ള സൗകര്യം സജ്ജീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
എറിയാട് പഞ്ചായത്ത് മുനയ്ക്കൽ മറൈൻ കോളേജിലാണ് സെന്റർ സജ്ജീകരിക്കുന്നത്. ഇവിടെ 50 ബെഡുകൾ ഒരുക്കി. ആവശ്യമെങ്കിൽ 72 പേർക്കുള്ള സൗകര്യമൊരുക്കും. എടവിലങ്ങ് പഞ്ചായത്ത് മാടവന കിഴക്കെ മൊഹിയുദ്ദീൻ മസ്ജിദിന്റെ കീഴിലുള്ള എം.എം ഓഡിറ്റോറിയത്തിലും കെയർ സെന്റർ സജ്ജമാക്കിയിട്ടുണ്ട്.