ചിറയിൻകീഴ്: ശാർക്കരയിലെ ആനകൾക്ക് സുരക്ഷിത താവളമായ ആനത്തറി ഒരുങ്ങിയെങ്കിലും ഇപ്പോഴും വാസം അമ്പലത്തിന് പടിഞ്ഞാറ് വശത്തുള്ള ചുട്ടികുത്തൽപ്പുരയ്ക്ക് സമീപം തന്നെ.
ആനത്തറി നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ആനകളെ മാറ്റിപ്പാർപ്പിക്കാൻ ഇതുമായി ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്നത്. ചന്ദ്രശേഖരനെ മദപ്പാട് കാലത്ത് കുറച്ചുകാലം ഇവിടുത്തെ ആനത്തറിയിൽ തളച്ചിരുന്നു. ആനയുടെ പിൻകാലുകളിലെ ചങ്ങല ബന്ധിപ്പിക്കുന്ന പില്ലറിന് ബലക്കുറവിന് പുറമെ മതിയായ സുരക്ഷിതത്വവുമില്ല. നാട്ടാന പരിപാലനച്ചട്ടത്തിൽ പറഞ്ഞിരിക്കുന്ന പോലെ മദപ്പാട് കാലത്ത് ആനയ്ക്ക് വെള്ളം കുടിക്കാനും കുളിക്കാനുമുള്ള തൊട്ടിക്കല്ല് സ്ഥാപിച്ചുവെങ്കിലും അതും ഉപയോഗയോഗ്യമല്ല. ശുദ്ധജലത്തിന്റെ ദൗർലഭ്യമാണ് ഇവിടം നേരിടുന്ന പ്രധാന വെല്ലുവിളി. ആനകൾക്ക് മതിയായ തരത്തിലുള്ള ശുദ്ധജലം ആനത്തറിയുടെ ഭാഗത്തുള്ള കിണറ്റിൽ നിന്നും കിട്ടാറില്ലത്രേ. ഇക്കാരണങ്ങളാലാണ് ആനത്തറിയിലേക്ക് ആനകളെ മാറ്റിപ്പാർപ്പിക്കാത്തതെന്നാണ് ആനയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ വാദം. ആനകളെ ഇപ്പോഴും പാർപ്പിച്ചിരിക്കുന്ന ചുട്ടികുത്തൽപുരയ്ക്ക് സമീപമുള്ള തുറസായിക്കിടന്ന ഈ സ്ഥലം മതിൽകെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ആനകൾക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെടാൻ വേണ്ട സൗകര്യങ്ങൾ ഇവിടെയില്ല. മാത്രവുമല്ല മദപ്പാട് കാലത്ത് ജനവാസ മേഖലയായ ഇവിടെ ആനകളെ തളയ്ക്കുന്നത് ഏറെ അഭികാമ്യവുമല്ല. നിലവിൽ ആനകളെ തളച്ചിരിക്കുന്ന സ്ഥലത്തെ ആനപ്പിണ്ടി കത്തിക്കുന്നത് സമീപവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. ആനത്തറിയിലെ പോരായ്മകൾ ദ്രുതഗതിയിൽ പരിഹരിച്ച് ആനകളെ മാറ്റിപ്പാർപ്പിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും ആനപ്രേമികളുടെയും ആവശ്യം.