sasi

ചിറയിൻകീഴ്: ശബ്ദ പ്രചാരണത്തിന് ശുഭാന്ത്യം കുറിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശശി ഇന്നലെ രാവിലെ മംഗലപുരം സി.എസ്.ഐ പള്ളി, സായിഗ്രാമം, ആയൂർവേദ ആശുപത്രി, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങൾ, അഴൂർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പഴഞ്ചിറ തുടങ്ങിയ സ്ഥലങ്ങളും ഏതാനും ചില മരണവീടുകളും സന്ദർശിച്ചു. ഇന്ന് രാവിലെ പട്ടം സെന്റ്മേരീസിൽ വോട്ടിട്ട ശേഷം മണ്ഡലത്തിലെത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്. അനൂപ് ഇന്നലെ കടയ്ക്കാവൂർ, ചിറയിൻകീഴ്, മുദാക്കൽ, അഴൂർ, മംഗലപുരം, കിഴുവിലം തുടങ്ങിയ സ്ഥലങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനം. ജന്മനാടായ പഴഞ്ചിറയിലായിരുന്നു സമാപനം. ഇന്ന് പഴഞ്ചിറ അംഗൻവാടിയിൽ വോട്ടിടും. മണ്ഡലത്തിൽ വോട്ടുള്ള ഏക മുന്നണി സ്ഥാനാർത്ഥിയാണ് ബി.എസ്. അനൂപ്. എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥ് ഇന്നലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനുവേണ്ടിയാണ് കൂടുതൽ സമയം ചെലവഴിച്ചത്. ഇന്ന് കൈമനം ഗവൺമെന്റ് വനിതാപോളിടെക്നിക്കിൽ വോട്ടിടും തുടർന്ന് സ്ഥാനാർത്ഥി മണ്ഡലത്തിലെത്തും.