ss

വിതുര: വിതുര പഞ്ചായത്തിലെ മിക്ക മേഖലകളിലെയും തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ആഴ്ചകളേറയായി. പ്രധാന ജംഗ്ഷനുകൾ പോ‌‌ലും രാത്രി ഇരുട്ടിന്റെ പിടിയിലാണ്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്കിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകളായി. പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇടത്താവളമാണ് വിതുര കലുങ്ക് ജംഗ്ഷൻ. രാത്രിയിൽ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ് നിലവിൽ.

മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ കലുങ്ക് ജംഗ്ഷനിൽ നടത്തിയ റോഡ് വെട്ടിപ്പൊളിക്കലിന് ശേഷമാണ് ലൈറ്റ് കത്താതായത്. ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായികൾ ബന്ധപ്പെട്ടവർക്ക് പരാതിനൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജംഗ്ഷൻ ഇരുട്ടിന്റെ പിടിയിലായതോടെ മോഷ്ടക്കൾ തല പൊക്കി തുടങ്ങി. സാമൂഹ്യവിരുദ്ധരും ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തെരുവ് വിളക്കിന് പുറമേ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും കത്തുന്നില്ലെന്ന് പരാതിയുണ്ട്.

വിതുര കലുങ്ക് തെരുവ് നായ്ക്കളുടെ പിടിയിൽ

ജംഗ്ഷനിൽ തെരുവ് നായക്കളുടെ ശല്യം വർദ്ധിച്ചിട്ട് മാസങ്ങളേറയായി. വാഹനങ്ങളിൽ ഇവിടെ അനവധി തവണ തെരുവ് നായകളെ കൊണ്ടിറക്കിവിട്ടിട്ടുണ്ട്. ജംഗ്ഷനിലും പരിസരത്തും എപ്പോഴും നായകൾ ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ബസ് കാത്ത് നിൽക്കുന്നവർ അനവധി തവണ നായകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. രാത്രിയിൽ ജംഗ്ഷനിൽ ബസിറങ്ങിയവരെയും നായകൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ബൈക്കിന് കുറുകേ നായ്ക്കൾ ചാടിയതുമൂലം ബൈക്ക് മറിഞ്ഞ് നിരവധി യുവാക്കൾക്ക് പരിക്കേറ്റ സംഭവവുമുണ്ട്.

തൊളിക്കോട്ടും തഥൈവ

വിതുര പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തായ തൊളിക്കോട്ടെ അവസ്ഥയും വിഭിന്നമല്ല. മിക്ക ഭാഗത്തേയും തെരുവ് വിളക്കുകൾ മാസങ്ങളായി കത്തുന്നില്ല. ഇരുളിന്റെ മറവിൽ പഞ്ചായത്തിൽ മോഷണവും അരങ്ങേറുന്നുണ്ട്. തോട്ടുമുക്ക് പൊൻപാറയിൽ വീടിന്റെ പിറകുവശത്തെ കതക് പൊളിച്ച് അകത്ത് കയറി ഉറങ്ങി കിടന്ന കുട്ടിയുടെ ഒന്നേമുക്കാൽ പവന്റെ മാലയും പാദസരവും മോഷ്ടിച്ചു. കാർഷികവിളകളും റബർഷീറ്റും മറ്റും മോഷണം പോകുന്നുണ്ട്. അടുത്തിടെ ആനപ്പെട്ടിയിൽ വീട്ടുവളപ്പിൽ നിന്ന ചന്ദനം മുറിച്ചു കടത്തിയിരുന്നു. സാമൂഹ്യ വിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്.