തിരുവനന്തപുരം: കേന്ദ്രീകൃത കമ്പ്യൂട്ടർ സംവിധാനം കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.
നെടുമങ്ങാട് വെയർഹൗസിന് കീഴിലുള്ള തിരുവനന്തപുരം പഴവങ്ങാടി ബെവ്കോ ചില്ലറ വില്പനശാലയിൽ പദ്ധതിക്ക് തുടക്കമായി. വട്ടിയൂർക്കാവ്, പവർഹൗസ് ഷോപ്പുകളിലും കമ്പ്യൂട്ടർ സംവിധാനം നടപ്പാക്കും. ഇവിടെയും വിജയിച്ചാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
പദ്ധതിക്കായി 23 കമ്പ്യൂട്ടർ പ്രോഗ്രാമർമാർ പരിശീലനം പൂർത്തിയാക്കി. പദ്ധതിയിലൂടെ 23 വെയർഹൗസുകളിലെയും 270 ചില്ലറ വില്പനശാലകളിലെയും പ്രതിദിന വിറ്റുവരവിന്റെയും സ്റ്റോക്കിന്റെയും കൃത്യമായ കണക്കുകൾ ബെവ്കോ ആസ്ഥാനത്ത് യഥാസമയം ലഭിക്കും. രാജസ്ഥാനിലെ ഉദയ്പ്പൂരിലുള്ള ഇ-കണക്ട് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ കരാർ. ചെലവ് ഏഴരക്കോടി.
ബെവ്കോയിൽ കമ്പ്യൂട്ടർവത്കരണം ഏർപ്പെടുത്തിയപ്പോഴുള്ള സംവിധാനങ്ങളാണ് നിലവിലുള്ളത്. ആദ്യ ഘട്ടത്തിൽ ചില്ലറവില്പനശാലകളെ ശൃംഖലയിൽ ബന്ധിപ്പിക്കും. തുടർന്ന് വെയർഹൗസുകളെയും ഉൾപ്പെടുത്തും. രണ്ട് ഘട്ടവും പൂർത്തിയാക്കിയാൽ ആസ്ഥാനവുമായി ബന്ധിപ്പിക്കും. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ മദ്യവിതരണ സ്ഥാപനങ്ങളിൽ ഇ-കണക്ട് സോഫ്ട്‌വെയറാണ് ഉപയോഗിക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണിക്ക് ഓരോ വർഷവുമുള്ള ചെലവ് ഒഴിവാക്കാനും വിറ്റുവരവ് കണക്കുകളിലെ സുതാര്യതയ്‌ക്കും പുതിയ പദ്ധതിയിലൂടെ സാധിക്കും.
കണക്ക് വിരൽത്തുമ്പിൽ
വെയർഹൗസുകളിലെ കമ്പ്യൂട്ടർ സംവിധാനത്തിന്റെ ചുമതല രണ്ട് പതിറ്റാണ്ടായി പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിനായിരുന്നു. മദ്യത്തിന്റെ വില പുതുക്കുമ്പോഴും ഓർഡറുകൾ മാറ്റുമ്പോഴും കമ്പ്യൂട്ടർ പുനഃക്രമീകരണത്തിന് വൻ തുകയാണ് ഇവർക്ക് നൽകേണ്ടത്. ചില്ലറ വില്പനശാലകളിലെ ബില്ലിംഗ് സംവിധാനത്തിന്റെ ചുമതല മറ്റൊരു സ്ഥാപനത്തിനുമായിരുന്നു. ഓരോ ദിവസത്തെയും വിറ്റുവരവ് കണക്ക് അടുത്ത ദിവസമാണ് ആസ്ഥാനത്ത് ലഭിച്ചിരുന്നത്.
വിറ്റുവരവ്
സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ബെവ്കോയിൽ കൊവിഡ് പ്രതിസന്ധിയിലും 2020-21 സാമ്പത്തിക വർഷം 13,195.49 കോടിയുടെ വില്പനയാണുണ്ടായത്. മുൻവർഷം ഇത് 14,672.46 കോടിയായിരുന്നു.
2016 - 17..........12,134.14 കോടി
2017 - 18..........12,937.09
2018 - 19..........14,508.21