road

വിതുര: റോഡ് നിർമ്മാണത്തിലെ അപാകതയും ഏകോപനമില്ലായ്മയും കാരണം നട്ടംതിരിയുന്നത് തൊളിക്കോട് - വിതുര റോഡിൽ യാത്രചെയ്യുന്നവരാണ്. മഴപെയ്താൽ ഈ റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങും. അടുത്തിടെ വിതുര മേഖലയിൽ നടന്ന മലയോരഹൈവേ നിർമ്മാണപ്രവർത്തനങ്ങളിലെ പാളിച്ചകൾ മൂലമാണ് റോഡ് വെള്ളത്തിനടിയിലാകുന്നത്.

ഒരാഴ്ചയായി വിതുര, തൊളിക്കോട് മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പ്രദേശം വെള്ളക്കെട്ടിലായതോടെ ഗതാഗതതടസം രൂക്ഷമായിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വിതുര മുതൽ തൊളിക്കോട് ഇരുത്തലമൂല വരെ റോഡ് ടാറിംഗ് നടത്തിയെങ്കിലും മിക്ക ഭാഗത്തും ഒാടകൾ നിർമ്മിച്ചിട്ടില്ല.

മാത്രമല്ല റോഡരികുകൾ ഇടിച്ച് വീതി കൂട്ടിയതോടെ നിലവിലുണ്ടായിരുന്ന ഒാടകൾ മുഴുവൻ മണ്ണ് വീണ് അടയുകയും ചെയ്തു. ഒാട നിർമ്മിക്കുമെന്ന് കരാറുകൾ വ്യക്തമാക്കിയെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. പൊൻമുടി - നെടുമങ്ങാട് സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്കും മഴയത്ത് വെള്ളത്തിനടിയിലാണ്.

കടകളിൽ വെള്ളം കയറുന്ന അവസ്ഥയാണെന്ന് വ്യാപാരി വ്യവസായികൾ പരാതിപ്പെട്ടു. മലയോര ഹൈവേയുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പരാതികളും കൂടുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മക്കെതിരെ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

മരവും മുറിക്കുന്നില്ല

ടാറിംഗ് പൂർത്തിയായ മേഖലകളിൽ റോഡരികിൽ നിർമ്മിക്കുന്ന മരങ്ങൾ ഇനിയും പൂർണമായി മുറിച്ചു മാറ്റിയിട്ടില്ല. മാത്രമല്ല മുറിച്ച മരങ്ങളുടെ ശിഖരങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാത്തതുമൂലം അപകടങ്ങൾക്കും യാത്രാതടസത്തിനും കാരണമാകുന്നു.

വീതിയില്ലാത്ത റോഡിൽ

വിതുര മേഖലയിൽ നടത്തിയ മലയോരഹൈവേയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതകൾ മൂലം പൊൻമുടി-തിരുവനന്തപുരം സംസാഥാന പാതയിലെ പ്രമുഖ ജംഗ്ഷനായ വിതുര കലുങ്കിലെ വീതികൂട്ടലും മറ്റും പേരായ്മകൾമൂലം താറുമാറായിരിക്കുകയാണ്. ഫലത്തിൽ ജംഗ്ഷന്റെ വീതി കുറഞ്ഞു. റോഡിന്റെ ഒരു ഭാഗത്ത് വേണ്ടത്ര വീതിയില്ല. വാഹനങ്ങൾക്ക് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയിലാണ്. റോഡിന്റെ ഒരു വശത്ത് വീതി തീർത്തും കുറഞ്ഞു. മഴയായാലുള്ള അവസ്ഥ വിവരണാതീതമാണ്. ജംഗ്ഷന്റെ ഒരു വശം മുഴുവൻ വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് അനവധി കടകളിൽ വെള്ളം കയറി. ജംഗ്ഷനിലെ ഗതാഗതക്കുരുക്കും മറ്റും ടൂറിസ്റ്റുകൾക്കും തലവേദനയായി മാറി. അപകടങ്ങളും പതിവാകുന്നുണ്ട്. ജംഗ്ഷനിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച മിക്ക പദ്ധതികളും കടലാസിലുറങ്ങുകയാണ്.