പാറശാല: ചുട്ട് പഴുക്കുന്ന വേനലിലും പൈപ്പ് പൊട്ടൽ തുടർക്കഥയാവുമ്പോൾ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നാട്ടുകാരായ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഇരട്ടിയാവുകയാണ്. പുതിയതായി നവീകരിച്ച വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിലെ വെള്ളം കൃത്യമായി ലഭിച്ചാൽ തന്നെ പാറശാലക്കാരുടെ ദാഹമകറ്റാൻ കഴിയുന്നതാണ്. മാസത്തിൽ മൂന്ന് തവണയെങ്കിലും പൈപ്പ് പൊട്ടൽ പതിവാണ്. ഓരോ തവണയും പൈപ്പ് പൊട്ടുമ്പോഴും പാറശാല നിവാസികൾക്ക് കുടിവെള്ളം കിട്ടാൻ മൂന്ന് ദിവസമെങ്കിലും കഴിയണം.
വണ്ടിച്ചിറയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ശുദ്ധീകരിച്ച ജലം പുതുതായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കടത്തി വിടാതെ പഴയ പൈപ്പ് ലൈനുകളിലൂടെ തന്നെ കടത്തിവിടുന്നതാണ് അടിക്കടി പൈപ്പ് പൊട്ടലിന് കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്. ജനവാസം കൂടിയതും കിണറുകളെയും മറ്റും ഉപയോഗിക്കാതെ കൂടുതൽ പേരും പൈപ്പ് വെള്ളത്തെ തന്നെ ആശ്രയിക്കാൻ തുടങ്ങിയതോടെ പൈപ്പിലൂടെയുള്ള വെള്ളത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചു. എന്നാൽ പഴയ പൈപ്പ് ലൈനിലൂടെ വെള്ളം ഒഴുകുമ്പോൾ ബലക്ഷയം നേരിടുന്ന ഭാഗത്ത് പൈപ്പ് പൊട്ടും. എന്നാൽ പൈപ്പ് പൊട്ടലിനെതിരെ വേണ്ടത്ര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നഉണ്ട്..
പദ്ധതി നവീകരിച്ചിട്ടും
വർഷങ്ങൾക്ക് മുൻപ് പാറശാലയിൽ കുടിവെള്ള പ്രശ്നം ശക്തമായതോടെ നിരവധി പരാതികൾ ഉയർന്നിരുന്നു. അന്ന് കനാലിലെ അറ്റകുറ്റപ്പണികൾ, ഡാം തുറക്കുന്നില്ല, ടാങ്കിലെ ചോർച്ച, കനാലിൽ വെള്ളമില്ല തുടങ്ങിയ കാരണങ്ങളാണ് ജനങ്ങൾക്ക് മുൻപിൽ നിരത്തിയത്. എന്നാൽ കാരണങ്ങൾ പറഞ്ഞ് മടുത്ത അധികൃതർ വെള്ളം ലഭിക്കാൻ വണ്ടിച്ചിറ പദ്ധതി നവീകരിച്ചു. എന്നാൽ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനിലൂടെ വെള്ളം തുറന്നുവിടുന്നതിനാൽ അടിക്കടിയുള്ള പൈപ്പ്പൊട്ടലും കുടിവെള്ളവിതരണവും പാറശാലക്കാരുടെ തീരാശാപമായി മാറിയിട്ടുണ്ട്..