നെയ്യാറ്റിൻകര: ഒറ്റശേഖരമംഗലം-അമരവിള റോഡിന്റെ നിർമ്മാണ പ്രവർത്തനം പ്രതിസന്ധിയിൽ. റോഡിലെ വളവുകൾ നികത്താത്തതും റീടാറിംഗ് പൂർത്തിയാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. 27 കോടി രൂപ ചെലവാക്കി 2 വർഷത്തിന് മുമ്പ് തുടങ്ങിയ പണിയാണ് നിലച്ചിരിക്കുന്നത്. റോഡിലെ വളവുകൾ നികത്താത്തതും മെറ്റൽ ഇളകി കുണ്ടും കുഴിയുമായി മാറിയതും ഇതുവഴി കടന്നുപോകുന്ന വാഹന കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ടാർ ഇളകി മെറ്റൽ നിറഞ്ഞു കിടക്കുന്നത് പൊടിശല്യത്തിനും ഇടയാക്കുന്നുണ്ട്. അമരവിള പൂവൻകാല പറയ്ക്കോട്ടുകോണം അയിരൂർ ഗണപതിക്ഷേത്രം, ചിറ്റാറ്റിൻകര, കീഴാറൂർ, പെരുങ്കടവിള ഹോസ്പിറ്റൽ ജംഗ്ഷൻ, കുറ്റിയാണിക്കാട് എന്നിവിടങ്ങളിലാണ് വളവുകൾ ഉള്ളത്. ഈ വളവുകൾ നികത്തി ഗതാഗതം സുഗമമാക്കുമെന്നാണ് ടെൻഡർ നൽകിയ കാലയളവിൽ മരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ടാറിംഗിന്റെ ഒന്നാം ഘട്ടം ആരംഭിച്ച് പാതിവഴിയിൽ പണി ഉപേക്ഷിക്കുമ്പോഴും ഒരിടത്തുപോലും വളവുകൾ നികത്താൻ കഴിഞ്ഞിട്ടില്ല. വളവുകൾ നികത്താത്തതിനെ തുടർന്ന് നിരവധി അപകടങ്ങളും പതിവാണ്. അമരവിള വരെ ടാർ ചെയ്തെങ്കിലും പലയിടങ്ങളിലും ഒന്നാംഘട്ട ടാറിംഗ് ജോലികൾ ഒന്നും തന്നെ നടന്നിട്ടില്ല. ശോഷിക്കുന്ന ഭാഗങ്ങൾ ഒന്നാം ഘട്ടം മാത്രമാണ് നടന്നിട്ടുള്ളത്.