road

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര മുതൽ തൊളിക്കോട് വരെയുള്ള റോഡിൽ അപകടങ്ങൾ പതിവാകുന്നു. നിരവധി അപകടങ്ങളും അപകടമരണങ്ങളും നടന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ വിതുര മുതൽ തൊളിക്കോട് ഇരുത്തലമൂലവരെ റോഡ് ടാറിംഗ് നടത്തിയിരുന്നു. ഇതോടെ അപകടങ്ങളുടെ ഗ്രാഫും കുത്തനെ ഉയർന്നു.

ഇരുചക്രവാഹനങ്ങളും മറ്റും അമിതവേഗതയിലാണ് പായുന്നത്. അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്.

ഒരു മാസം മുൻപ് തൊളിക്കോട് പേരയത്തുപാറയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിതുര സ്വദേശി അനൂപും മരിച്ചു. പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവ സംഘങ്ങളും ബൈക്കുകളിൽ ചീറിപ്പായുകയാണ്. കാൽനടയാത്രികരായ അനവധി പേരെ ബൈക്ക് ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവുമുണ്ട്. ഇതിനിടയിൽ ബൈക്ക് റേസിംഗ് സംഘവും വിലസുന്നുണ്ട്. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ഇത്തരം സംഘങ്ങളെ പിടികൂടുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായാണ് പരാതി.

രണ്ട് വർഷം, മരണം 7

തൊളിക്കോട് വിതുര റോഡിൽ രണ്ട് വർഷത്തിനിടയിൽ ഏഴ് പേരാണ് ബൈക്കപകടങ്ങളിൽ മരിച്ചത്. ഇതിൽ കൂടുതലും ബൈക്കുകളിൽ സഞ്ചരിച്ച യുവാക്കളാണ്. അമിതവേഗവും, അശ്രദ്ധയും നിമിത്തമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

അപകടമരണങ്ങൾ നടന്ന സ്ഥലങ്ങൾ

തൊളിക്കോട് വിതുര റോഡിൽ ഏറ്റവും കൂടുതൽ അപകടമരണങ്ങൾ നടന്ന ഭാഗം തോട്ടുമുക്കിനും പേരയത്തുപാറയ്ക്കുമിടയിലാണ്. മൂന്ന് പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. രണ്ടാഴ്ച മുൻപ് തൊളിക്കോട് പുളിമൂട് ജംഗ്ഷനിലും ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചുള്ളിമാനൂർ കരിങ്കട സ്വദേശിയായ യുവാവ് മരിച്ചിരുന്നു. വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം കഴിഞ്ഞ വർഷം നടന്ന അപകടത്തിൽ തോട്ടുമുക്ക് സ്വദേശിയായ യുവാവും മരിച്ചു. നേരത്തേ വിതുര ശിവൻകോവിൽ ജംഗ്ഷനിൽ നടന്ന ബൈക്കപകടങ്ങളിലും രണ്ട് യുവാക്കൾ മരണപ്പെട്ടു. മുൻപ് ചേന്നൻപാറ വൈദ്യുതി ഒാഫീസ് ജംഗ്ഷനിൽ നടന്ന അപകടത്തിലും രണ്ട് പേർ മരണപ്പെട്ടിരുന്നു.

അപായ ബോഡുകൾ സ്ഥാപിക്കുന്നില്ല

തൊളിക്കോട് - വിതുര റോഡിൽ കൂടുതൽ അപകടങ്ങളും, അപകടമരണങ്ങളും നടന്ന മേഖലകളിൽപ്പോലും അപായ സാദ്ധ്യതാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. റോഡ് സുരക്ഷാ നിമയമങ്ങൾ കാറ്റിൽപ്പറത്തിയിട്ടും നടപടികൾ സ്വീകരിക്കാറില്ല. ലൈസൻസില്ലാത്തവരും, പ്രായപൂർത്തിയാകാത്ത യുവാക്കളും, വിദ്യാർത്ഥികളും വരെ ബൈക്കുകളിൽ ചീറിപ്പായുന്നത് ദൃശ്യമാണ്. ഹൈവേ പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും അമിതവേഗക്കാരെ പിടികൂടാറില്ലെന്ന് ആക്ഷേപമുണ്ട്.

വിതുര - തൊളിക്കോട് റോഡിൽ അപകടങ്ങളുടെ ഗ്രാഫ് ഉയരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പരിശോധനകൾ ശക്തിപ്പെടുത്തും. റോഡ്സുരക്ഷാനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടി പിഴ ചുമത്തും.

വിപിൻഗോപിനാഥ്, വിതുര സി.ഐ

എ.അനീസ്, വിതുര -എസ്.ഐ