
ബാലുശ്ശേരി: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ബാലുശ്ശേരി. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥി സിനിമാ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ വരവോടെയാണ് ശ്രദ്ധേയമായ മണ്ഡലമായി മാറിയത്. ധർമ്മജനിലൂടെ അട്ടിമറി വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫ് ആകട്ടെ എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവിനെയാണ് ഗോദയിലിറക്കിയിരിക്കുന്നത്. ഇതോടെ നേർക്കുനേരെയുള്ള ശക്തമായ പോരാട്ടമായി മാറിയിരിക്കുകയാണ്. ഇരു മുന്നണിയിലെ നേതാക്കൾക്കും ഈ മണ്ഡലം അഭിമാന പ്രശ്നമായതോടെ പ്രചാരണം ശക്തിപ്പെടുത്തി.
യുദ്ധക്കളത്തിൽ യുവാക്കൾ
എൽ.ഡി.എഫിനെ പോലെ എൻ.ഡി.എ.യും ബി.എസ്.പിയും യുവാക്കളെ തന്നെയാണ് കളത്തിലിറക്കിയത്.എൻ.ഡി.എ സ്ഥാനാർത്ഥി ലിബിനും ബി.എസ്.പി സ്ഥാനാർത്ഥി ജോബിഷും ബാലുശ്ശേരിക്കാരാണ്. ഇവരും സജീവമായി മത്സര രംഗത്തുണ്ട്. താരപരിവേഷമുള്ള ധർമ്മജന്റെ പരിപാടികളിൽ വൻ ജനപങ്കാളിത്തം യു.ഡി.എഫ് ക്യാമ്പിൽ ആവേശം ഉയർത്തുന്നു.
എൽ.ഡി.എഫ്. ആകട്ടെ എല്ലാ പഴുതുകളും അടച്ചുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥി സച്ചിൻ ദേവ് പ്രചാരണ രംഗത്ത് ആഴ്ചകൾക്ക് മുമ്പേ തന്നെയിറങ്ങി പരമാവധി വോട്ടർമാരെ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലാണ് സ്ഥാനാർത്ഥികളെല്ലാം.
എൽ.ഡി.എഫിന്റെ മണ്ഡലം
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15,464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ പുരുഷൻ കടലുണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ എം. കെ. രാഘവൻ ഈ മണ്ഡലത്തിൽ നിന്ന് 9,745 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ
മണ്ഡലത്തിൽ 4814 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫിന് സ്വന്തമാക്കാനും കഴിഞ്ഞു. ഈ മൂന്ന് കണക്കുകളും ഇരു മുന്നണികളുടെയും ഉറക്കം കെടുത്തുന്നുണ്ട്.
70ൽ കോൺഗ്രസിന് എം.എൽ.എ
1970 മാത്രമാണ് കോൺഗ്രസിന് ബാലുശ്ശേരിയിൽ നിന്ന് ഒരു എം.എൽ.എ. ഉണ്ടായത്. അന്ന് എ.സി. ഷൺമുഖദാസാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായത്. പിന്നീട് ഷൺമുഖദാസ് കോൺ. (എസ്) എം.എൽ.എ.ആയും എൻ.സി.പി. എം.എൽ.എയും ആയിരുന്നു. ആദ്യകാലത്ത് പ്രജാ സോഷ്യലിസ്റ്റിന്റെയും സംയുക്ത സോഷ്യലിസ്റ്റിന്റെയും എം.എൽ.എമാരെ സംഭാവന ചെയ്ത മണ്ഡലമായിരുന്നു ഇത്. ബാലുശ്ശേരിയിൽ നിന്ന് ആദ്യ രണ്ടു തവണയും നിയമസഭയിൽ എത്തിയത് സോഷ്യലിസ്റ്റായ എം. നാരായണക്കുറുപ്പാണ് 1957ലും 1960ലും. രണ്ടാം വട്ടം സ്വതന്ത്രനായാണ് വിജയിച്ചത്. 1965ലും 67 ലും എ.കെ.അപ്പുമാസ്റ്ററും 1970 ൽ എ.സി. ഷൺമുഖദാസ് കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായി. 1977ൽ പി.കെ. ശങ്കരൻ കുട്ടിയും 1980 മുതൽ 25 വർഷക്കാലം ഇടതുമുന്നണി സ്ഥാനാർത്ഥിയായി എ.സി. ഷൺമുഖദാസ് വിജയിച്ചു. തുടർന്ന് 2006ൽ എ.കെ. ശശീന്ദ്രനും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. 2011ലും 2016 ലും സി.പി.എമ്മിലെ പുരുഷൻ കടലുണ്ടിയാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
പുനർനിർണ്ണയത്തിൽ പഞ്ചായത്തുകൾ മാറി
2008 ൽ മണ്ഡല പുനർനിർണ്ണയത്തിന്റെ ഭാഗമായി ബാലുശ്ശേരിയുടെ ഭാഗമായിരുന്ന എലത്തൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകൾ എലത്തൂർ മണ്ഡലത്തിലേക്ക് മാറ്റി. കൊടുവള്ളി മണ്ഡലത്തിലായിരുന്ന ഉണ്ണികുളം പഞ്ചായത്തും പേരാമ്പ്ര മണ്ഡലത്തിന്റെ ഭാഗമായിരുന്ന കോട്ടൂർ, കൂരാച്ചുണ്ട് പഞ്ചായത്തുകളും ബാലുശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുത്തി. നിലവിൽ ബാലുശ്ശേരി മണ്ഡലത്തിൽ ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, കൂരാച്ചുണ്ട്, കായണ്ണ, നടുവണ്ണൂർ, കോട്ടൂർ, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്.
2011 ലെ തിരഞ്ഞെടുപ്പോടെ ബാലുശ്ശേരി നിയോജക മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായതോടെ ഏറെക്കാലം എൻ.സി.പിയുടെ കൈവശമുണ്ടായിരുന്ന ബാലുശ്ശേരി സി.പി.എമ്മിന് വിട്ടുകൊടുക്കുകയും പകരം എലത്തൂർ സീറ്റ് എൻ.സിപിയ്ക്ക് നൽകുകയുമായിരുന്നു. കഴിഞ്ഞ 45 വർഷത്തെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 1400 കോടിയുടെ വികസന പ്രവർത്തനങ്ങളും മാത്രം മതി ഇടതു മുന്നണിക്ക് തുടർ ഭരണത്തിനെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ, മണ്ഡല വികസനമെന്നത് കവാടങ്ങളിൽ മാത്രം ഒതുങ്ങിയെന്നാണ് യു.ഡി.എഫ്.ആരോപണം.
ഇരു മുന്നണികളുടേയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും യഥാർത്ഥ വികസനം ലക്ഷ്യപ്രാപ്തിയിലെത്താൻ എൻ.ഡി.എ അധികാരത്തിലെത്തണമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. മൂന്ന് മുന്നണികൾക്കും സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയില്ലെന്നും ബി.എസ്.പി മാത്രമെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നുള്ളുവെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു.
മണ്ഡലത്തെ സംബന്ധിച്ചിടത്തോളം നേർക്കുനേർ ഉള്ള പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഇരു മുന്നണികളുടെയും യോഗങ്ങളിലും ജനസാന്നിദ്ധ്യവും ഏറെയാണ്. അത് കൊണ്ട് തന്നെ വിജയ പരാജയങ്ങൾ പ്രവചനാതീതമാണ്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പ്
എൽ.ഡി.എഫ് -82, 914
യു.ഡി.എഫ്.-67,450
ബി.ജെ.പി.-19,324
ലോക്‌സഭ
യു.ഡി.എഫ്.- 83,059
എൽ.ഡി.എഫ്.- 73,314
എൻ.ഡി.എ.-18,836
തദ്ദേശം
എൽ.ഡി.എഫ്-85,141
യു.ഡി.എഫ്-80,327
എൻ.ഡി.എ.-19,417