തിരുവനന്തപുരം: വേനൽ കടുത്തതോടെ കന്നുകാലി പരിചരണത്തിൽ ജാഗ്രത പുലർത്തണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
സൂര്യാഘാതം മൂലം കന്നുകാലികൾ ചത്തുപോകാൻ സാധ്യതയുണ്ട്. പാൽ ഉത്പാദനം കാര്യമായി കുറയും. വെള്ളം ലഭിക്കാതായാൽ പശുക്കളിൽ നിർജലീകരണം ഉണ്ടാകും. കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന മേഖലകളിൽ പഞ്ചായത്തുകളുടെയും ക്ഷീരസംഘങ്ങളുടെയും നേതൃത്വത്തിൽ കന്നുകാലികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വകുപ്പ് തലത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഒന്നു ശ്രദ്ധിക്കണേ...
പശുക്കളിൽ അണപ്പിനു പുറമെ വായിൽ നിന്ന് പത വരിക, തീറ്റയെടുക്കൽ കുറയുക, കലശലായ ദാഹം എന്നിവ ശ്രദ്ധിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.
സൂര്യപ്രകാശം നേരിട്ട് തൊഴുത്തിൽ പതിക്കുന്നത് തടയുക, വായുസഞ്ചാരം ഉറപ്പാക്കുക
സദാസമയവും ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കുക
കൃത്യമായ ഇടവേളകളിൽ പശുക്കളുടെ മേൽ വെള്ളം സ്‌പ്രേ ചെയ്യുക.
മേയാൻ വിടുമ്പോൾ തണൽ ഉണ്ടെന്ന് ഉറപ്പാക്കുക.
കാലിത്തീറ്റ അതിരാവിലെയോ ഉച്ചകഴിഞ്ഞോ മാത്രം കൊടുക്കുക.
വായിൽ നിന്ന് പത വന്നുതുടങ്ങിയാൽ പശുക്കൾക്ക് ഡോക്‌ടറുടെ നിർദ്ദേശാനുസരണം അപ്പക്കാരം നൽകുക.
ജീവകം എ, സി, ഇ എന്നിവയും സെലീനിയം, ക്രോമിയം, സിങ്ക് തുടങ്ങിയ മൂലകങ്ങളും അടങ്ങിയ ധാതുലവണ മിശ്രിതം തീറ്റയിൽ ഉൾപ്പെടുത്തുക.
പരാദ, അകിടുവീക്ക നിയന്ത്രണത്തിൽ ശ്രദ്ധിക്കുക.
കൺട്രോൾ റൂം നമ്പർ നമ്പർ : 0471 2732151.