linto

മുക്കം: സിറ്റിംഗ് സീറ്റായ തിരുവമ്പാടിയിൽ എൽ.ഡി.എഫ് വാഴുമോ വീഴുമോ എന്നാണ് ചോദ്യം. ഒരു കാലത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന തിരുവമ്പാടി ക്രമേണ മാറിയാണ് എൽ.ഡി.എഫിന്റെ കൈകളിൽ എത്തിയത്. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിലെ തിരുവമ്പാടിയിൽ കുടിയേറ്റക്കാർക്കും മതന്യൂനപക്ഷങ്ങൾക്കുമുള്ള സ്വാധീനം ചെറുതല്ല. മണ്ഡലം നിലനിറുത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശക്തമായ സാന്നിദ്ധ്യമാകാൻ എൻ.ഡി.എയും അടവുകൾ ഒന്നൊന്നായി പയറ്റി കൊണ്ടിരിക്കുകയാണ്.

ഇരുപത്തിയെട്ടുകാരനായ ലിന്റോ ജോസഫാണ് (സി.പി.എം) ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കരുത്തും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈമുതലായുള്ള ലിന്റോ ജോസഫിലൂടെ മണ്ഡലം നിലനിറുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. അദ്ധ്യാപകനും അദ്ധ്യാപക സംഘടനയുടെ അമരക്കാരനും വിദ്യാഭ്യാസ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുമായിരുന്ന സി.പി ചെറിയ മുഹമ്മദാണ് (മുസ്ലിം ലീഗ്) യു.ഡി.എഫ് സ്ഥാനാർഥി. യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടുമ്പോൾ,ഇവ രണ്ടും സമ്മേളിച്ച ബേബി അമ്പാട്ടിനെ (ബി.ജെ.പി) മത്സര രംഗത്തിറക്കി വിജയം കൊയ്യാനാണ് എൻ.ഡി.എയുടെ ശ്രമം.
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ടണൽ, മലയോര ഹൈവേ തുടങ്ങി അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ 200 കോടി രൂപയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടഭ്യർഥിക്കുന്നത്. അതേ സമയം വികസനം വാഗ്ദാനത്തിലൊതുക്കി അഞ്ചു വർഷം വെറുതെ കളഞ്ഞെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.
മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും പിണറായി സർക്കാരിന്റെ വികസന മരവിപ്പും പ്രചരിപ്പിച്ചാണ് എൻ.ഡി.എ യുടെ വോട്ടുപിടുത്തം.

മണ്ഡലം നിലവിൽ വന്നത് 77 ൽ

1977 ൽ നിലവിൽ വന്ന തിരുവമ്പാടി മണ്ഡലത്തിൽ സിറിയക് ജോൺ ആണ് ആദ്യം ജയിച്ചു കയറിയത്. അതു മുതൽ കോൺഗ്രസും മുസ്ലിം ലീഗും കൈവശം വച്ച മണ്ഡലം 2006ലെ തിരഞ്ഞെടുപ്പിൽ കരുത്തനായ യുവ പോരാളി മത്തായി ചാക്കോയിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. അധികനാൾ കഴിയുന്നതിന് മുമ്പുണ്ടായ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോർജ്ജ് എം. തോമസിലൂടെ എൽ.ഡി.എഫ് തിരുവമ്പാടി മണ്ഡലം നിലനിറുത്തി. എന്നാൽ, 2011 ൽ മുസ്ലിം ലീഗിലെ സി. മോയിൻകുട്ടിയിലൂടെ യു.ഡി.എഫ് തിരുവമ്പാടി തിരിച്ചു പിടിച്ചു. ഒടുവിൽ 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ 3,008 വോട്ടിന് മുസ്ലിം ലീഗിലെ വി.എം. ഉമ്മറിനെ പരാജയപ്പെടുത്തി ജോർജ് എം. തോമസ് തിരുവമ്പാടി വീണ്ടും എൽ.ഡി.എഫിന്റെ കൈകളിൽ എത്തിച്ചു.


തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും മാറ്റം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളം ചുകപ്പണിഞ്ഞപ്പോഴും കിഴക്കൻ മലയോര മേഖല യു.ഡി.എഫിനെ കൈവിട്ടില്ല. മണ്ഡലത്തിലുൾപ്പെട്ട തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, പുതുപ്പാടി പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം നിന്നു. മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും മാത്രമാണ് എൽ.ഡി.എഫിനെ തുണച്ചത്.

എം.എൽ.എ എന്നും ഭരണപക്ഷത്ത്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തിരുവമ്പാടിയിൽ ജയിക്കുന്ന സ്ഥാനാർത്ഥിയുടെ മുന്നണിയാണ് സംസ്ഥാന ഭരണം കയ്യാളിയത്. 2006 ൽ ആദ്യമായി മത്തായി ചാക്കോയിലൂടെ എൽ.ഡി.എഫ് തിരുവമ്പാടി പിടിച്ചപ്പോൾ വി.എസ്. അച്യുതാനന്ദൻ സർക്കാർ അധികാരത്തിലെത്തി. 2011ൽ സി. മോയിൻകുട്ടി തിരുവമ്പാടിയെ പ്രതിനിധീകരിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളം ഭരിച്ചു. ഒടുവിൽ 2016ൽ ജോർജ്ജ് എം. തോമസിലൂടെ എൽ.ഡി.എഫ് മലയോര മണ്ണിൽ വിജയമുറപ്പിച്ചപ്പോൾ പിണറായി സർക്കാർ അധികാരത്തിലെത്തി.

രഹസ്യപിന്തുണ

ശക്തമായ മത്സരമാണ് ഇത്തവണ തിരുവമ്പാടിയിൽ നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ആയിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ജെ.ഡിയും എൽ.ഡി.എഫിൽ എത്തിയത് അവർക്ക് ഉയർന്ന ആത്മവിശ്വാസത്തിന് വകനൽകുമ്പോൾ വെൽഫെയർ പാർട്ടിയുടെയും മറ്റു ചില മുസ്ലിം സംഘടനകളുടെയും രഹസ്യ പിന്തുണയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തിരുവമ്പാടി മണ്ഡലത്തിൽ നാലായിരത്തോളം വോട്ടുണ്ടെന്ന് കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ജെ.ഡിയും അവകാശപ്പെടുമ്പോൾ അതിലധികം വോട്ടുണ്ടെന്ന് വെൽഫെയർ പാർട്ടി അവകാശപെടുന്നുണ്ട്. മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞ ഈ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്.


മണ്ഡലത്തിന്റെ ചരിത്രം

1977 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സിറിയക് ജോൺ തിരുവമ്പാടിയുടെ ആദ്യ എം.എൽ.എ ആയി. 1980 ലും 1982 ലും നടന്ന തിരഞ്ഞെടുപ്പുകളിലും സിറിയക് ജോൺ തന്നെ വിജയിച്ചു. 1987 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പി.പി. ജോർജ്ജും 1991 ൽ മുസ്ലിം ലീഗിലെ എ.വി. അബ്ദുറഹിമാൻ ഹാജിയും തിരുവമ്പാടിയുടെ ജനപ്രതിനിധികളായി. 1996 ൽ എ.വി. അബ്ദുറഹിമാൻ ഹാജി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ മുസ്ലിം ലീഗിലെ സി. മോയിൻ കുട്ടി വിജയിച്ചു. 2006 ൽ മത്തായി ചാക്കോയിലൂടെ തിരുവമ്പാടിയിൽ ആദ്യമായി ചെങ്കൊടി പാറി. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്ന് 2007 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ജോർജ്ജ് എം. തോമസ് വിജയിച്ചു. 2011 ൽ സി. മോയിൻ കുട്ടിയിലൂടെ തിരുവമ്പാടി യു.ഡി.എഫ് തിരിച്ചു പിടിച്ചു. ഒടുവിൽ 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജോർജ്ജ് എം. തോമസ് തിരുവമ്പാടിയിൽ വീണ്ടും ചെങ്കൊടി നാട്ടി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്

ജോർജ് എം. തോമസ് (എൽ.ഡി.എഫ്) -62,324 വോട്ട്
വി.എം. ഉമ്മർ മാസ്റ്റർ (യു.ഡി.എഫ്) - 59,316 വോട്ട്
ഗിരി പാമ്പനാൽ (എൻ.ഡി.എ)- 8,749 വോട്ട്
ഭൂരിപക്ഷം -3,008 വോട്ട്
(എൽ.ഡി.എഫ്)


2019ലെലോക്‌സഭ തിരഞ്ഞെടുപ്പ്
യു.ഡി.എഫ്- 91,152 വോട്ട്
എൽ.ഡി.എഫ്- 36,681 വോട്ട്
എൻ.ഡി.എ-7,767 വോട്ട്
ഭൂരിപക്ഷം (യു ഡി എഫ്)- 54,471 വോട്ട്


തദ്ദേശ തിരഞ്ഞെടുപ്പ്

യു.ഡി.എഫ്- 70,166
എൽ.ഡി.എഫ്- 63,962
എൻ.ഡി.എ- 5,683
ഭൂരിപക്ഷം (യു.ഡി.എഫ്)- 6,204