വടകര: രാജവാഴ്ചക്കാലത്ത് പരസ്പരം പടവെട്ടി മരിച്ച ചേകവമാരുടെ നാട്ടിൽ ഇക്കാലത്തും പോരാട്ട വീര്യത്തിന് മാറ്റമൊന്നുമില്ല. ഇടതിന്റെ വൈകാരിക മണ്ഡലത്തിൽ തന്നെ അവരെ തളയ്ക്കാൻ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയെ തന്നെ സ്ഥാനാർത്ഥിയാക്കിയാണ് യു.ഡി.എഫിന്റെ പൂഴിക്കടകൻ. ആർ.എം.പിയ്ക്ക് മുന്നിൽ തോൽക്കുന്നത് ആത്മാഭിമാന പ്രശ്നമായി കണ്ട് ഇടതുപക്ഷത്തിന്റെ അണികളും വിയർപ്പൊഴുക്കി തെരുവിലാണ്.
ആർ.എം.പി.ഐയുടെ കെ.കെ. രമയ്ക്കെതിരെ എൽ.ജെ.ഡിയുടെ മനയത്ത് ചന്ദ്രനാണ് മത്സരിക്കുന്നത്. ഒരേ പഞ്ചായത്തുകാരും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇരുവരും. ബി.ജെ.പിയുടെ എം. രാജേഷ് കുമാറും എത്തുമ്പോൾ മൂവരും വടകര നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലെ രണ്ടാമൂഴക്കാരുമാണ്.
ഇടതുപക്ഷ സർക്കാറിന്റെ വികസന, സാമൂഹ്യക്ഷേമപദ്ധതികളും പെൻഷൻ, കിറ്റ്, റേഷൻ സംവിധാനം എന്നിവയൊക്കെയും വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചന്ദ്രൻ. എന്നാൽ, സി.പി.എമ്മിന്റെ കൊലക്കത്തിക്ക് മുന്നിൽ വിജയിക്കേണ്ടത് ടി.പി. ചന്ദ്രശേഖന്റെ ഭാര്യ കെ.കെ. രമയുടെ വ്യക്തിപരമായ വാശികൂടിയാണ്.
സോഷ്യലിസ്റ്റ് ചിന്താഗതി
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോട് ഏറെകൂറുള്ള മണ്ഡലമാണ് വടകര. മുൻ കാലങ്ങളിലെ തിരഞ്ഞെടുപ്പ് ഇത് വ്യക്തമാക്കുന്നു. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ 1957 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എം.കെ. കേളുവിന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റ് സീറ്റായി വടകര ഉറച്ചു നിന്നു. 1960 മുതൽ 1965, 67, 70 കാലങ്ങളിൽ പി.എസ്.പിയിലെ എം. കൃഷ്ണൻ വിജയിച്ച മണ്ഡലം തുടർന്ന് 1977, 80, 82, 87, 91 വർഷങ്ങളിൽ കെ. ചന്ദ്രശേഖന്റെ കൈകളിലും 1996, 2001 വർഷങ്ങളിൽ ജനതാദളിന്റെ സി.കെ. നാണുവും 2006ൽ എം.കെ. പ്രേംനാഥിൽ എത്തി. 2011ൽ ജനതാദളിലെ പിളർപ്പ് രാഷ്ട്രീയ ചേരിതിരിവ് സൃഷ്ടിച്ചു. യു.ഡി.എഫിലും എൽ.ഡി.എഫിലുമായി നിന്ന് മത്സരിച്ച ജനതാദൾ എസിലെ സി.കെ. നാണു 2011ലും 2016 ലും വിജയം ആവർത്തിച്ചു. വടകര മണ്ഡലം സോഷ്യലിസ്റ്റ് പാത കൈയൊഴിയില്ലെന്ന വിശ്വാസത്തിലാണ് എൽ.ഡി എഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ പോരിനിറങ്ങുന്നത്.
ലോക്സഭയിലേക്കുള്ള മത്സരത്തിൽ ചിത്രം വിഭിന്നം
നിയമസഭാ തിരഞ്ഞെടുപ്പ് അവസ്ഥ ഇങ്ങനെ എൽ.ഡി.എഫിനൊപ്പമാണെങ്കിലും 2009 മുതൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയുണ്ടായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന് 22,963 വോട്ടിന്റെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. ആർ.എം.പി.യുടെ സഹായത്തോടെയുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
2016ൽ ആർ.എം പി.ഐ സ്ഥാനാർത്ഥിയായി കെ.കെ. രമ ഒറ്റക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 20,504 വോട്ടുകൾ നേടാനായതും 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ ഭരണം വീണ്ടും ആർ.എം.പിയും യു.ഡി.എഫും ചേർന്ന ജനകീയ മുന്നണിയുടെ കീഴിലാണെന്നതും കെ.കെ രമയ്ക്ക് വിജയം സുനിശ്ചിതമാവുമെന്നതിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഇതിനിടയിൽ 2011 ലെ തിരഞ്ഞെടുപ്പിൽ ബി.ജെപി സ്ഥാനാർത്ഥി 6,909 വോട്ടായിരുന്നു നേടിയതെങ്കിൽ 2016ൽ ഇത് 13, 937 വോട്ടായി ഉയർന്നത് ശുഭസൂചകമാണെന്നും അതിൽ നിന്നുള്ള ഉയർച്ച കണ്ടു കൊണ്ടുതന്നെയാണ് എം. രാജേഷ് കുമാർ തന്നെ സ്ഥാനാർത്ഥിയായി എത്തിയതെന്നും പറയുന്നു.