"ഞാനിവിടെ എന്നുമിങ്ങനെ ചിന്നക്കടയിൽ വന്നുനിന്നിട്ട്, ഞാനിവിടെയുണ്ട്, കേട്ടോ, ഇവിടെത്തന്നെയുണ്ടേ... എന്നും പറഞ്ഞുകൊണ്ടിരിക്കാം. ഒരു വികസനവും വരത്തില്ലാ... അധികൃതരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ച്, വഴക്കടിച്ച് നേടിയെടുത്തതാണിതൊക്കെ. സാധാരണ എന്നെ കാണുന്നവരൊക്കെ മുകേഷ്, അല്ലെങ്കിൽ തോമസ് കുട്ടീ, വിട്ടോടാ... എന്നൊക്കെ പറഞ്ഞ് അടുത്തേക്ക് വരും. എന്നാൽ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ ഞാൻ ചെല്ലുമ്പോൾ അവിടെയുള്ളവർ പറയുന്നത് അഞ്ചാലുമ്മൂട് വന്നുവെന്നാണ്. അഞ്ചാലുമ്മൂട് സ്കൂൾ ഹൈടെക്കാക്കിയില്ലേ. ഉമ്മൻചാണ്ടി സർക്കാർ എടുത്ത് ദൂരെക്കളഞ്ഞതാണ് പെരുമൺ പാലം. ഞാൻ മന്ത്രി ജി.സുധാകരന്റെ ഓഫീസിലേക്ക് ചെല്ലുമ്പോൾ, അതാ പെരുമൺ വന്നുവെന്നാണ് പറയുക. വേണമെങ്കിൽ ചിന്നക്കടയിലിങ്ങനെ നിൽക്കാം, ഒരു പെരുമണും വരത്തില്ലാ. കൊല്ലത്ത് മാത്രം നിൽക്കുന്ന, വികസനം കൊണ്ടുവരാത്ത ഒരു എം.എൽ.എ എന്തിന്?"- ഗോഡ്ഫാദർ സിനിമയിലെ രാമഭദ്രന്റെ മട്ടും ഭാവവുമായി നടൻ മുകേഷ് ഫോമിലായി! ഉച്ച കഴിഞ്ഞ് മൂന്നരമണിക്ക് ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽ കണ്ടപ്പോഴാണ് എതിരാളികളുടെ കൂരമ്പുകൾക്കുള്ള നടന്റെ മറുപടി. മുകേഷ് രണ്ടാമതും കൊല്ലത്ത് സ്ഥാനാർത്ഥി കുപ്പായമിട്ടെത്തുമ്പോൾ നേരിടുന്ന വലിയ ചോദ്യമാണ് എം.എൽ.എയെ കാണാനില്ലെന്നത്. അത് കോൺഗ്രസുകാരെടുത്ത് ആഘോഷിക്കുന്നുണ്ട്. കലാകാരനായ തനിക്കെപ്പോഴും മണ്ഡലത്തിലിങ്ങനെ നോക്കുകുത്തിയായി നിൽക്കാനാകുമോയെന്നാണ് മുകേഷിന്റെ ചോദ്യം.
തന്റെ ശരീരസാന്നിദ്ധ്യമല്ല, മനസ്സാന്നിദ്ധ്യമാണ് മണ്ഡലത്തിലെന്ന് അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത് വികസന അവകാശ വാദങ്ങളുയർത്തിയാണ്. 1300കോടിയുടെ വികസന നേട്ടങ്ങൾ മണ്ഡലത്തിലെത്തിച്ചെന്ന് അദ്ദേഹം പറയുന്നു. വീണ്ടും ജയിച്ചാൽ ഇനിയുള്ള അഞ്ച് വർഷം കൊണ്ട് കൊല്ലത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്നും. "ഇനി ജനം മറ്റൊന്ന് തീരുമാനിച്ചാൽ ചിന്നക്കടയിൽ ആളുണ്ടാവും, ഡെസ്റ്റിനേഷനൊക്കെ വട്ടപ്പൂജ്യം"- മുകേഷ് പറഞ്ഞുതീർത്തു.
മുകേഷിന്റെ സ്വീകരണ പരിപാടികളൊക്കെ ഓളം തീർത്താണ് കടന്നുപോകുന്നത്. മൂന്നാംകുറ്റി പരിസരത്ത് വൈകിട്ട് സ്വീകരണത്തിന് തുടക്കമിട്ടപ്പോൾ ജനത്തിന്റെ സ്നേഹപ്രകടനം ബോദ്ധ്യമായി.
ഓരോ ദിവസവും വിജയപ്രതീക്ഷ വളരുകയാണെന്നാണ് മുകേഷ് പറയുന്നത്.
മുകേഷിനെ തിരുത്തുകയാണ് മുഖ്യ എതിരാളിയായ യു.ഡി.എഫിലെ ബിന്ദുകൃഷ്ണ. കൊല്ലം ഡി.സി.സി പ്രസിഡന്റെന്ന നിലയിൽ നിറസാന്നിദ്ധ്യമാണവർ. "സ്ഥാനാർത്ഥിയെന്ന നിലയിൽ ജനങ്ങളിലേക്കിറങ്ങുമ്പോഴുള്ള പ്രതികരണം കൊല്ലത്തൊരു മുഴുവൻ സമയ എം.എൽ.എ വേണമെന്നാണ്"- ആശ്രാമം പരിസരത്തുവച്ച് രാവിലെ കണ്ടപ്പോൾ ബിന്ദുകൃഷ്ണ പറഞ്ഞു. "കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിലെ പ്രശ്നങ്ങൾ ശ്രദ്ധിക്കാനാളില്ലായിരുന്നു. കടലാസുകളിൽ അച്ചടിച്ചുവരുന്നതും വാചകക്കസർത്തും മാത്രമാണിവിടത്തെ വികസനം. കുടിവെള്ളക്ഷാമം പലയിടത്തും രൂക്ഷമാണ്"- ബിന്ദു പറഞ്ഞു.
താനടക്കമുള്ള സിനിമാ ആസ്വാദകർക്ക് നടനെന്ന നിലയിൽ പ്രിയപ്പെട്ടയാളാണെങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ പരാജയമെന്നാണ് ബിന്ദുവിന്റെ പക്ഷം. ആശ്രാമം പരിസരത്തെ വീടും കടകളുമെല്ലാം കയറിയിറങ്ങി വോട്ടുതേടുന്ന ബിന്ദു വാത്സല്യം അനുഭവിച്ചറിയുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് പലേടത്തും കടന്നുകയറാനായതിലാണ് ബി.ജെ.പി സ്ഥാനാർത്ഥി എം. സുനിലിന്റെ പ്രതീക്ഷ. താമരക്കുളം ക്ഷേത്രപരിസരത്ത് വച്ച് സുനിലിനെ കണ്ടു. നരേന്ദ്രമോദിയുടെ വികസന,ക്ഷേമ പ്രവർത്തനങ്ങൾ കൊല്ലത്തെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് സുനിൽ പറയുന്നു. കൊല്ലം മണ്ഡലത്തിൽപ്പെട്ട അഞ്ച് കോർപ്പറേഷൻ വാർഡുകളിൽ ബി.ജെ.പി ജയിച്ചു. പലയിടത്തും രണ്ടാമതെത്തി.
മുകേഷിനെ കാണാനില്ലെന്നാണ് സുനിലും ആക്ഷേപിക്കുന്നത്. കോൺഗ്രസും അതേ സ്ഥിതിയിലാണെന്നും സുനിൽ പറയുന്നു. കൊല്ലം കോർപ്പറേഷനിലെ 24 വാർഡുകളിൽ പതിനഞ്ചിടത്തും ഇടത് അംഗങ്ങളാണ്. അഞ്ചിടത്ത് ബി.ജെ.പിയും മൂന്നിടത്ത് യു.ഡി.എഫും. ആ കണക്ക് അനുസരിച്ച് ദയനീയമാണ് യു.ഡി.എഫ് സ്ഥിതി. എസ്.ഡി.പി.ഐക്കുമുണ്ട് ഒരംഗം. പനയം പഞ്ചായത്തിൽ ഇടതുഭരണമാണ്. തൃക്കരുവ പഞ്ചായത്തിൽ യു.ഡി.എഫ് ഭരിക്കുന്നു. മണ്ഡലത്തിൽ യു.ഡി.എഫ് അടിത്തറ ശക്തമല്ലെന്ന് പറയാനാവില്ലെന്ന്, ലോക്‌സഭാ ഫലം വിലയിരുത്തി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.പിക്ക് നേരിയ തോതിലെങ്കിലും സ്വാധീനമുള്ള അപൂർവം പ്രദേശങ്ങളിലൊന്നാണിപ്പോഴും കൊല്ലം. എൻ.കെ. പ്രേമചന്ദ്രന് 2019 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മാത്രം 24,545 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായി. 1996ലും 2001ലും ബാബുദിവാകരൻ ആർ.എസ്.പിയുടെ രണ്ട് വിഭാഗങ്ങളിലായി നിന്ന് ജയിച്ചത് കൊല്ലത്താണ്. മണ്ഡല പുനർവിഭജനശേഷമിങ്ങോട്ട് തുടർച്ചയായി സി.പി.എം പ്രതിനിധിയാണ് ഭരിക്കുന്നത്. ഇടതുസ്വാധീനത്തിൽ നിന്ന് കൊല്ലത്തെ മോചിപ്പിക്കാൻ
ബിന്ദുകൃഷ്ണ കഠിനാദ്ധ്വാനത്തിലാണ്. പുലർച്ചെ നാല് മണിക്കൊക്കെയാണ് അവർ പ്രചാരണമാരംഭിക്കുന്നത്. പത്രവില്പനക്കാരെയും മത്സ്യത്തൊഴിലാളികളെയുമൊക്കെ ആ നേരമേ കാണൂവെന്നാണ് പറയുന്നത്. കൊല്ലം കൈവിട്ട കളിയില്ലെന്ന ഉറച്ച തീരുമാനത്താൽ മുകേഷും നീങ്ങുമ്പോഴാണ് മത്സരം പ്രവചനാതീതമാകുന്നത്.