aritha

ഇരുതലയ്ക്കും മൂർച്ചയുള്ള കായംകുളം വാൾ കൈകാര്യം ചെയ്യുന്ന ജാഗ്രതയോടെയാണ് കായംകുളത്തിന്റെ ജനമനസിനെ വശീകരിക്കാൻ മുന്നണികൾ ഓരോ ചുവടും വയ്ക്കുന്നത്. സിറ്റിംഗ് എം.എൽ.എ യു. പ്രതിഭയെ എതിരിടാൻ കോൺഗ്രസ്, "പാൽക്കാരി പെൺകുട്ടി" അരിത ബാബുവിനെ കളത്തിലിറക്കിയതോടെയാണ് കായംകുളം ചർച്ചയിലേക്കെത്തിയത്. എൻ.ഡി.എ എതിരാളിയും ചില്ലറക്കാരനല്ല. ഈഴവസമുദായത്തിന് സ്വാധീനമേറെയുള്ള കായംകുളത്ത് എസ്.എൻ.ഡി.പി യൂണിയൻ നേതാവായ പി. പ്രദീപ് ലാലാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി.സിറ്റിംഗ് എം.എൽ.എ യു. പ്രതിഭ വീണ്ടും ജനവിധി തേടിയെത്തുന്നത് താൻ ചെയ്ത ആശുപത്രി, റോഡ് വികസനമടക്കമുള്ളവ എടുത്തുകാട്ടിയാണ്. ഒരു സിനിമാ തിയേറ്ററില്ലാത്ത ഏക പട്ടണമെന്ന പരിമിതിയുണ്ട് കായംകുളത്തിന്. പതിനഞ്ച് വർഷമായി തുടർച്ചയായി കായംകുളത്ത് ജയിക്കുന്ന ഇടതു പ്രതിനിധികൾ എന്തു ചെയ്തുവെന്ന് എതിരാളികൾ ചോദിക്കുന്നത് ഈ 'തിയേറ്ററില്ലായ്മയും' കൂടി ചൂണ്ടിക്കാട്ടിയാണ്. കായംകുളം താലൂക്ക് രൂപീകരണം മരീചികയാണെന്ന ആക്ഷേപവും അവർ ഉയർത്തുന്നു. കോടതി, തിയേറ്റർ പണികൾ പകുതിയായെന്നും അത് പൂർത്തിയാക്കി നാട്ടുകാർക്കൊപ്പമിരുന്ന് സിനിമ കാണുകയാണ് സ്വപ്നമെന്നും പ്രതിഭ പറയുന്നു.

രാവിലെ പുതിയിടത്ത്, നെക്സസ് ട്യൂട്ടോറിയൽ കോളേജ് പരിസരത്ത് പ്രതിഭയെ കണ്ടു. വികസനമെത്താത്ത ഒരിടവുമില്ല മണ്ഡലത്തിലെന്നവർ പറഞ്ഞു. "30 വർഷം മുമ്പ് പണിയാരംഭിച്ച റോഡ് പൂർത്തിയാക്കിയത് ഞാൻ മുൻകൈയെടുത്താണ്. 30കൊല്ലം മുമ്പത്തെ പഴയ ബോർഡൊക്കെ അപ്പോൾ നാട്ടുകാർ സന്തോഷത്തോടെ കൊണ്ടുവന്നു കാണിച്ചു. വലിയ അനുഭവമായി അത്"- പ്രതിഭ പറഞ്ഞു. നിയമസഭയിൽ രണ്ട് മിനിട്ട് മാത്രം സമയമുള്ള ഉപക്ഷേപം ഏഴ് മിനിട്ട് വരെയെടുത്ത് കായംകുളം താലൂക്കിനായി താൻ വാദിച്ചതാണെന്നും സാങ്കേതികപരിമിതികളാണ് തിരിച്ചടിയായതെന്നും അവർ പറയുന്നു.

നല്ല ആത്മവിശ്വാസമാണ് പ്രതിഭയ്ക്ക്. അഞ്ച് വർഷമായി കായംകുളത്തുകാരിലൊരാളായി ജീവിക്കുകയാണെന്ന്, പ്രാദേശിക വാദമുയർത്തുന്ന എതിരാളികൾക്ക് പ്രതിഭയുടെ മറുപടി. പാർട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോൾ "ഒരു പ്രശ്നവുമില്ല. രാഷ്ട്രീയവും വികസനവും ചർച്ച ചെയ്യാനില്ലാത്തതിനാൽ പ്രതിപക്ഷത്തിന്റെ അപവാദ പ്രചാരണമാണത്. ചിട്ടയായ പ്രവർത്തനമാണ് ഇടതുപക്ഷത്തിന്റേതെന്ന് '' മറുപടി.

നെക്സസ് ട്യൂട്ടോറിയലിൽ കുട്ടികളെ ചേർത്തുപിടിച്ച് പ്രതിഭ പറഞ്ഞതിങ്ങനെ: "എന്റെ പരീക്ഷ ഏപ്രിൽ ആറിനാണ്. നിങ്ങൾക്ക് എട്ടിനും..."

ഈ ട്യൂട്ടോറിയലിലെ ജീവനക്കാരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവെന്ന കൗതുകം പങ്കുവച്ചത് പ്രിൻസിപ്പലാണ്. അരിതയെ രാവിലെ ആറ് മണിയോടെ പുതുപ്പള്ളിയിലെ വീട്ടിലാണ് കണ്ടത്. പുലർച്ചെ രണ്ടരയ്ക്ക് പര്യടനം കഴിഞ്ഞെത്തിയ അരിത എഴുന്നേൽക്കുന്നതേയുള്ളൂ. പുലർച്ചെ നാലിനെഴുന്നേറ്റ് പശുപരിപാലനത്തിൽ അച്ഛനെ സഹായിച്ച്, സൊസൈറ്റിയിൽ പാലുമെത്തിച്ച് വന്ന് കുളിച്ച് റെഡിയായി ട്യൂട്ടോറിയലിലേക്ക് ജോലിക്കിറങ്ങുന്ന പതിവിന് സ്ഥാനാർത്ഥിയായതോടെ മാറ്റമുണ്ടായിരിക്കുന്നു.

പശുക്കിടാങ്ങളെ മക്കളെപ്പോലെ ചേർത്തുപിടിച്ച് അരിത, തിരഞ്ഞെടുപ്പ് കാലാവസ്ഥയെപ്പറ്റി പറഞ്ഞു: "21ാം വയസിൽ ജില്ലാ പഞ്ചായത്തംഗമായി. ഇപ്പോഴിതാ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായി. വലിയൊരവസരമാണ് പാർട്ടി തന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കായംകുളത്തുകാരി സ്ഥാനാർത്ഥിയാവുന്നത്. രണ്ട് മുന്നണികളിലും കുറേക്കാലമായി പുറത്ത് നിന്നെത്തുന്നവരാണ് മത്സരിക്കുന്നത്. നാട്ടുകാരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ടെന്നാണ് വിശ്വാസം. രണ്ട് തവണ ഇടതുഭരണമുണ്ടായിട്ട് പോലും അവരുടെ ജനപ്രതിനിധികൾക്ക് താലൂക്ക് കൊണ്ടുവരാനായിട്ടില്ല..."- അരിത പറഞ്ഞു. കായംകുളത്തുകാരുടെ സ്നേഹവാത്സല്യങ്ങൾ അരിത പ്രചാരണയോഗങ്ങളിൽ ഏറ്റുവാങ്ങുന്നുണ്ട്.പള്ളിക്കലിലൂടെ അരിതയുടെ പ്രചാരണവാഹനം കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ നീങ്ങി.

നൂറു ശതമാനം വിജയപ്രതീക്ഷയാണ് പുതിയിടം ശ്രീകൃഷ്ണക്ഷേത്രത്തിന് മുന്നിൽ കണ്ടപ്പോൾ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പ്രദീപ് ലാൽ പങ്കുവച്ചത്. ഇടത്, വലത് മുന്നണികളുടെ ജനപ്രതിനിധികൾ മണ്ഡലത്തിലൊന്നും ചെയ്തില്ലെന്ന് അദ്ദേഹം പറയുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000വോട്ടാണ് ബി.ഡി.ജെ.എസിലെ ഷാജി പണിക്കർ നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലത് 34000 ആയി. അമ്പതിനായിരത്തിലേക്കെത്തി വിജയിക്കാൻ പ്രയാസമില്ലെന്ന് പ്രദീപ് ലാൽ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനം ഈ കണക്കുകളാണ്. അരിതയുടെ വരവോടെ കോൺഗ്രസ് ക്യാമ്പിൽ ആവേശം കൂടിയിട്ടുണ്ട്. പരമ്പരാഗത വോട്ടുകൾക്കപ്പുറത്തേക്ക് വരാനിടയുള്ള നിഷ്പക്ഷ അടിയൊഴുക്കിലാണ് പ്രതീക്ഷയത്രയും. കായംകുളം മുനിസിപ്പാലിറ്റിയിലും ദേവികുളങ്ങര, പത്തിയൂർ, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളിലും ഇടതുഭരണമാണ്. കണ്ടല്ലൂർ, കൃഷ്ണപുരം പഞ്ചായത്തുകളിൽ യു.ഡി.എഫും. ഇടതിന് തികഞ്ഞ മേൽക്കൈ. സി.പി.എമ്മിൽ പ്രതിഭയ്ക്കെതിരെയുയർന്ന അസ്വസ്ഥതകൾ അടിയൊഴുക്കായി മറിയുമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിന്. പ്രശ്നങ്ങളവസാനിപ്പിച്ച് നീങ്ങാനാകുന്നതാണ് ഇടതുക്യാമ്പിൽ പ്രതീക്ഷയുയർത്തുന്നത്.