തിരുവനന്തപുരം: മഹാരാഷ്ട്രയിൽ നിന്നും സവാള വൻതോതിൽ കേരളത്തിലേക്ക് എത്തിത്തുടങ്ങിയതോടെ വില കുറഞ്ഞു. രണ്ടാഴ്ചയായി സവാളയുടെ ഹോൾസെയിൽ വില 20 രൂപയായി താഴ്ന്നു. 25 രൂപയാണ് റീട്ടേയിൽ വില. കഴിഞ്ഞ ഒക്ടോബറിൽ കിലോഗ്രാമിന് 100 രൂപ വരെയായിരുന്നു സവാളയുടെ വില. ചെറിയ ഉള്ളിയുടെ വിലയിലും കാര്യമായ കുറവുണ്ട്. കിലോയ്ക്ക് 52 രൂപ. വില വർദ്ധന ഉണ്ടായപ്പോൾ നാഫെഡിൽ നിന്നും നേരിട്ട് സവാള കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ വില പിടിച്ചുനിറുത്തിയിരുന്നത്. റാബി സീസണിലെ വിളവ് വില്പനയ്ക്കെത്തിയതോടെയാണ് വില കുറയാൻ കാരണമായത്. പൂനെയിൽ നിന്നു മാത്രം പ്രതിദിനം 100 ടൺ സവാള എത്തുന്നുണ്ട്. അടുത്ത സീസണിലെ വിളവ് എത്തുന്നതിനും സമയമായി. രണ്ടാഴ്ചമുൻപ് വരെ 30-35 രൂപവരെയായിരുന്ന സവാള വില ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് ചാലയിലെ വ്യാപാരികൾ പറയുന്നത്.