ചെന്നൈ: ''സ്റ്റാലിൻ താൻ വരവ് , വിതിയൽ തര പോരാര്
ഇതു താൻ ഇതു താൻ മക്കളുടെ മുടിവ്...'' അഞ്ചു കോടിയോളം പേർ ഡി.എം.കെയുടെ ഈ തീം സോംഗ് യൂ ട്യൂബിൽ കണ്ടു കഴിഞ്ഞു.
സ്റ്റാലിൻ വരും, അതാണ് ജനങ്ങളുടെ തീരുമാനം എന്നാണ് ഈ വരികളുടെ അർത്ഥം. തമിഴ്നാടിന്റെ മനസും അങ്ങനെ തന്നെയെന്ന് ഡി. എം. കെ പറയുന്നു. ഡി.എം.കെ അദ്ധ്യക്ഷൻ സ്റ്റാലിൻ 'മുതലമൈച്ചർ' ആയെന്നുറപ്പിച്ചാണ് പ്രചാരണം നയിക്കുന്നത്. അത് മുഖത്ത് കാണാം.സ്വന്തം മണ്ഡലമായ കൊളത്തൂരിനേക്കാൾ കൂടുതൽ നാളുകൾ സ്റ്റാലിൻ മറ്റ് മണ്ഡലങ്ങളിലാണ്. 234 മണ്ഡലങ്ങളും നേടുകയാണ് ലക്ഷ്യം. ഇലക്‌ഷന് മാത്രം നിങ്ങളെ തേടി വരുന്ന ആളല്ല ഞാൻ. നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഞാനുണ്ടാകും. കാരണം ഞാൻ ''കലൈഞ്ജറുടെ പിള്ളൈ''. പിതാവായ കലൈഞ്ജർ കരുണാനിധിയുടെ പേര് സൂചിപ്പിച്ചുള്ള വിലാസം പ്രസംഗത്തിൽ പത്തു തവണയെങ്കിലും സ്റ്റാലിൻ ആവർത്തിക്കും.
പ്രധാമന്ത്രി നരേന്ദ്ര മോദി വന്നു പോയ ശേഷം സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആക്രമണം രൂക്ഷമാക്കി. '' ബി.ജെ.പിയെ ഉള്ളൈ വിടില്ല. ഇത് തമിഴ് മണ്ണ്. പെരിയാർ പിറന്ത മണ്ണ്. അണ്ണാ പിറന്ത മണ്ണ്. കലൈഞ്ജർ പിറന്ത മണ്ണ്...'' ഉദുമൽപേട്ടയിലെ റോഡ് ഷോയിൽ സ്റ്റാലിൻ പറഞ്ഞു. എ.ഡി.എം.കെയും ജയിക്കരുത്. അവർ ജയിച്ചാൽ ശേഷം ബി.ജെ.പിയാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് കിട്ടിയത് തേനി സീറ്റാണ്. അവിടെ ജയിച്ച ഒ.പി.എസിന്റെ മകൻ (പി.രവീന്ദ്രനാഥകുമാർ) ഇപ്പോൾ ബി.ജെ.പിയിലാണ്.
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലാണ് സ്ത്രീകൾക്കു നേരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത്. അത് മറന്നിട്ടാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്ത്രീസുരക്ഷയെ പറ്റി സംസാരിച്ചത്. പദവി മറന്നാണ് മോദി സംസാരിക്കുന്നത്. ജയലളിതയുടെ മരണശേഷം കേന്ദ്ര അന്വേഷണ ഏജൻസികൾ എ. ഡി.എം.കെ നേതാക്കൾക്കെതിരെ അന്വേഷണം നടത്തി. അതിൽ വിരണ്ടാണ് അവർ ബി.ജെ.പി സഖ്യത്തിൽ ചേർന്നത്- സ്റ്റാലിൻ പറഞ്ഞു.
ജനസാഗരം മാസ് എൻട്രി
സിനിമാ സ്റ്റൈലിൽ പുരുഷാരത്തെ വകഞ്ഞു മാറ്റിയാണ് സ്റ്റാലിൻ യോഗങ്ങളിൽ എത്തുന്നത്. പകൽ സൺഗ്ലാസ് ധരിച്ചിരിക്കും. പാർട്ടിയിൽ സ്റ്റാലിന്റ ഏകാധിപത്യമാണ്. സമൂഹമാദ്ധ്യമങ്ങൾ പരമാവധി ഉപയോഗിച്ചാണ് പ്രചാരണം. അതിലും ആക്രമണം മോദിക്കെതിരെയാണ്. മോദിയുടേയും അടിമകളുടേയും നാടകങ്ങൾ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റില്ല എന്നാണ് ഇന്നലെ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.