ഫറോക്ക്: അനീഷയ്ക്ക് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിക്കാനൊരിടം നൽകിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തോടെ ശരീരം തളർന്നപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കം ആശ്രയമായത്. ബേപ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.എം. നിയാസ് അനീഷയെ സന്ദർശിച്ചപ്പോഴായിരുന്നു അവരുടെ ആഗ്രഹത്തെക്കുറിച്ച് ഉമ്മ ഖദീജ പറയുന്നത്. അതിന് താൻ വഴിയൊരുക്കാം എന്നും എന്ത് ആവശ്യത്തിനും കൂടെയുണ്ടാവും എന്നും നിയാസ് അനീഷയ്ക്ക് ഉറപ്പ് നൽകി.
2001ൽ അപ്പൻഡിക്‌സ് ചികിത്സയ്ക്കിടെ ഞരമ്പ് മാറി അനസ്‌തേഷ്യ ചെയ്തു. ആശുപത്രിക്കാർക്ക് വന്ന കൈപ്പിഴ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തു. അന്ന് അനീഷയ്ക്ക് ഇരുപത്തിരണ്ട് വയസുണ്ടായിരുന്നു. പൂർണമായും കിടപ്പിലായ അനീഷയ്ക്ക് വേണ്ടി എട്ട് വർഷത്തോളം ഉമ്മ ആശുപത്രിക്കാരുമായി പോരാടി. നഷ്ടപ്പെട്ടതൊന്നും എത്രയായാലും തിരിച്ചു കിട്ടിലല്ലോ. 2008 ൽ അവസാനമായി സംസാരിച്ചതിനു ശേഷം പിന്നീട് അനീഷയ്ക്ക് അതിനും കഴിഞ്ഞിട്ടില്ല. എല്ലാം കേൾക്കാം, എല്ലാം മനസിലാക്കാം, അത്ര മാത്രം.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയും തങ്ങളുടെ ദുരിതാവസ്ഥയും സ്വന്തമായി കിടപ്പാടമില്ലാത്തതും വിവരിച്ചതും ഖദീജയാണ്. അധികം വൈകാതെ തന്നെ അവർക്കായി സ്ഥലം അനുവദിക്കപ്പെട്ടു. സുമനസുകളുടെ സഹായത്താൽ വീട് വെക്കുകയും വീട്ടുകാര്യങ്ങൾ നടക്കുകയും ചെയ്യുന്നു. 'ആത്മഹത്യയുടെ വക്കിലെത്തിയതായിരുന്നു. കിടക്കാനുള്ള കിടപ്പാടം കിട്ടാനുള്ള വഴിയൊരുക്കിയത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ല.' അനീഷയുടെ ഉമ്മ ഖദീജ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കം വഴി ചെറുവണ്ണൂർ കോയാസ് ആശുപത്രിയുടെ പുറകിലായി വീട് വെക്കാൻ സ്ഥലം ലഭിച്ച അനീഷയുടെയും തൊണ്ണൂറ് ശതമാനത്തോളം വികലാംഗനായ സുബൈറിന്റെ മകന്റെയും വീടും പി.എം. നിയാസ് സന്ദർശിച്ചു.