തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ സൃഷ്‌ടിയാണെന്ന് വിദഗ്ദ്ധ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വിദഗ്ദ്ധാഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സയൻസിലെ ഡിസിപ്ളിനറി സെന്റർ ഫോർ വാട്ടർ റിസർച്ച്, അക്കൗണ്ടന്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.

ഡാമുകളിലെ പ്രളയ നിയന്ത്റണ സംവിധാനങ്ങൾ പാലിക്കാതിരുന്നതും മുൻകരുതൽ എടുക്കാതിരുന്നതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. റിപ്പോർട്ടിലെ നിഗമനങ്ങൾ ഗുരുതരമാണ്. 54 ലക്ഷം പേരെ ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരണമടയുകയും ചെയ്ത ദുരന്തത്തിന് പിണറായി സർക്കാർ ഉത്തരം പറയണം. പ്രളയം മനുഷ്യ സൃഷ്‌ടിയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. ഈ രംഗത്തെ പ്രഗല്ഭരായ പി.പി. മജുംദാർ, ഐഷ ശർമ്മ, ഗൗരി.ആർ എന്നിവരാണ് പഠനം നടത്തിയത്. 148 പേജുള്ള റിപ്പോർട്ട് 2020 ജൂലായിൽ എ.ജിക്കു സമർപ്പിച്ചു. സി.എ.ജിയുടെ നിർദേശ പ്രകാരമായിരുന്നു പഠനം.

 പ്രധാന കണ്ടെത്തലുകൾ

1.റൂൾ കർവ് ഉപയോഗിച്ചില്ല - ഡാമുകളിൽ ഏതളവിൽ ജലം സംഭരിക്കണം, ഏതളവുവരെ ഒഴിച്ചിടണം എന്ന് വ്യക്തമാകുന്നതാണ് റൂൾ കർവ്. ഇടുക്കി ഡാമിന് 1983 മുതൽ റൂൾ കർവ് ഉണ്ട്. ഇത് പാലിച്ചിരുന്നെങ്കിൽ പ്രളയം രൂക്ഷമായ 2018 ആഗസ്റ്റ് 14 മുതൽ 18 വരെ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ അളവ് വളരെ കുറയ്ക്കാമായിരുന്നു.

2. ഫ്ളഡ് കുഷൻ വിനിയോഗിച്ചില്ല -റിസർവോയറിന്റെ മുഴുവൻ നിരപ്പിനും പരമാവധി ജലനിരപ്പിനും ഇടയ്ക്കുള്ള സ്ഥലമാണ് ഫ്ളഡ് കുഷൻ. മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്നത് ഇവിടെയാണ്. പ്രളയകാലത്ത് ഇടുക്കി ഡാമിൽ ഇത് ഉപയോഗിച്ചില്ല.

3. മുന്നറിയിപ്പുകൾ ഉണ്ടായില്ല-കാലവർഷത്തിൽ അണക്കെട്ടുകളിൽ വൻതോതിൽ വെള്ളം എത്തുമ്പോഴാണ് റിസർവോയറുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതും മുന്നറിയിപ്പുകൾ നൽകേണ്ടതും. വെള്ളപ്പൊക്കത്തിന് മുന്നോടിയായി ഇതുണ്ടായില്ല.

4. ടണലുകളിൽ തടസം- പ്രളയ സമയത്ത് ലോവർ പെരിയാർ അണക്കെട്ടിലെ ടണലുകളിലെ തടസം കാരണം പവർഹൗസുകളിലേക്കു വെള്ളം തുറന്നുവിട്ടില്ല. ഇടമലയാർ പവർ ഹൗസിൽ 2018 ആഗസ്റ്റ് 16 മുതൽ 18 വരെ വൈദ്യുതി ഉത്പാദിപ്പിച്ചതുമില്ല.

5. പ്രളയ സംവിധാനമുണ്ട്- പ്രളയം നിയന്ത്റിക്കാൻ ഡാമുകൾക്ക് സംവിധാനം ഇല്ലെന്നാണ് സർക്കാർ പ്രചരിപ്പിച്ചത്.