കൊവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന തിയേറ്ററുകൾ പുതുവർഷ റിലീസോടെയാണ് സജീവമായത്. നിരവധി പുതുമുഖ ചിത്രങ്ങളും സൂപ്പർസ്റ്റാർ ചിത്രങ്ങളും റിലീസിനായി കാത്തിരിക്കുകയാണ്. ഈസ്റ്റർ - വിഷു റിലീസുകൾ ആരംഭിച്ചതോടെ ഏപ്രിൽ മാസവും തിയേറ്ററുകൾ ആഘോഷമാകും. മമ്മൂട്ടി ചിത്രങ്ങളായ ദ പ്രീസ്റ്ര്, വൺ എന്നിവയുൾപ്പെടെ തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രങ്ങൾ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ നിഴൽ, നായാട്ട് എന്നീ രണ്ട് ചിത്രങ്ങളാണ് നാല് ദിവസത്തെ ഇടവേളയിൽ റിലീസ് ചെയ്യുന്നത്. ചതുർമുഖം, ആഹാ, അജഗജാന്തരം, ഭാവന അഭിനയിച്ച മൊഴിമാറ്റ ചിത്രം 'ഇൻസ്പെക്ടർ വിക്രം' എന്നിവയും ഈ മാസം തിയേറ്ററുകളിലെത്തും.
ആർക്കറിയാം തിയേറ്ററിൽ
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങ 'ആർക്കറിയാം' തിയേറ്ററിലെത്തി. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെയും ഒ.പി.എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്.
വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് താരങ്ങൾ ചിത്രത്തിൽ എത്തിയിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്.
അനുഗൃഹീതൻ ആന്റണി എത്തി
സണ്ണി വെയ്‌നെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് 'അനുഗ്രഹീതൻ ആന്റണി.' 'എട്ടുകാലി,' 'ഞാൻ സിനിമാമോഹി' എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിൻസിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് 'അനുഗ്രഹീതൻ ആന്റണി.' 'കരിങ്കുന്നം സിക്സസ്' എന്ന ചിത്രത്തിൽ ദീപു കരുണാകരന്റേയും മിഥുൻ മാനുവൽ തോമസിന്റെ 'അലമാര' എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് പ്രിൻസ് സ്വതന്ത്ര സംവിധായകനാവുന്നത്. തമിഴ് ചിത്രങ്ങളായ '96,' 'മാസ്റ്റർ' എന്നിവയിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷൻ ആണ് നായിക. സിദ്ദിഖ്, ഇന്ദ്രൻസ്, മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ബൈജു സന്തോഷ്, മണികണ്ഠൻ അചാരി, ജാഫർ ഇടുക്കി, മാലാ പാർവതി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
നിഴൽ ഈസ്റ്റർ ദിനത്തിൽ
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴൽ' 4 ന് ഈസ്റ്റർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പ്രശസ്ത വീഡിയോ എഡിറ്റർ അപ്പു.എൻ. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആന്റോ ജോസഫ്, അഭിജിത്ത് എം.പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം ദീപക് ഡി. മേനോൻ. സംഗീതം സൂരജ് എസ്. കുറുപ്പ്. സംവിധായകനൊപ്പം അരുൺലാൽ.എസ്.പിയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
നായാട്ട് 8ന് പ്രദർശനത്തിന്
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട് ' 8ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് ,നിമിഷ സജയൻ, അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ചാർലി എന്ന ചത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ: മഹേഷ് നാരായണൻ ,സംഗീതം: വിഷ്ണു വിജയ്. അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രഞ്ജിത്, പി.എം.ശശിധരൻ എന്നിവരാണ് നിർമ്മാതാക്കൾ. കുഞ്ചാക്കോ ബോബനും ജോജു ജോർജിനുമൊപ്പം നിമിഷ സജയനും പൊലീസ് വേഷത്തിലെത്തുന്നു.
വെള്ളാരംകുന്നിലെ വെള്ളിമീനുകൾ 9ന്
എ.ജി.എസ് മൂവിമേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' 9ന് തിയേറ്ററിലെത്തും. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുഹൂർത്തങ്ങൾ മുന്നോട്ട് പോകുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നിഷ്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്ന് ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു.
സ്റ്റാർ 9ന്
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സ്റ്റാർ'. ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രം 9ന് തിയേറ്ററിലെത്തും. നായകനിരയിലെ ജോജു പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു എത്തുമ്പോൾ ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായി ഷീലു എബ്രഹാമും വേഷമിടുന്നു. നവാഗതനായ സുവിൻ എസ്. സോമശേഖരന്റേതാണ് രചന.