chac

തിരുവനന്തപുരം: ഭരണത്തുടർച്ച ഉണ്ടായാൽ ഇടതുപക്ഷത്തിന്റെ തെറ്റുകൾക്കുള്ള അംഗീകാരമാകുമെന്നും കേരളം വീണ്ടും കൊലക്കളമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലകളെക്കുറിച്ച് പി.ടി. ചാക്കോ സംവിധാനം ചെയ്ത ''ദൈവത്തിന്റെ നാട്ടിലെ ചോരക്കളികൾ'' എന്ന ഡോക്യുമെന്ററി, കണ്ണൂർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേ​റ്റ പൂർണചന്ദ്രന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കൊലപാതകരാഷ്ട്രീയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

1984 മുതൽ 2018 വരെ കണ്ണൂരിൽ 125 രാഷ്ട്രീയ കൊലകൾ നടന്നു എന്നാണ് വിവരാവകാശരേഖ. 53 ബി.ജെ.പിക്കാരും 46 സി.പി.എമ്മുകാരും 19 കോൺഗ്രസുകാരും മുസ്ലിംലീഗിലും മ​റ്റുമായി 7 പേരും കൊല്ലപ്പെട്ടു. 78 കേസുകളിലും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത്. 39 കേസുകളിൽ ബി.ജെ.പിയും. കോൺഗ്രസ് ഒരു കേസിലും.
യു.ഡി.എഫ് ഭരിക്കുമ്പോൾ രാഷ്ട്രീയക്കൊലകൾ കുറയുകയും ഇടതുസർക്കാർ ഭരിക്കുമ്പോൾ കൂടുകയും ചെയ്യുന്നു. ഇടതുപക്ഷം ഭരിച്ച 2006 ജൂൺ മുതൽ 2011 മേയ് വരെ കണ്ണൂരിൽ 56 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ, യു.ഡി.എഫ് ഭരിച്ച 2011 ജൂൺ മുതൽ 2016 മേയ് വരെ കൊലകൾ 25 ആയി കുറഞ്ഞു. 2016 മേയിൽ പിണറായി സർക്കാർ അധികാരമേ​റ്റശേഷം രണ്ടര വർഷം കൊണ്ട് 11 പേർ കണ്ണൂരിൽ മാത്രം കൊല്ലപ്പെട്ടു. മൊത്തം 37 രാഷ്ട്രീയ കൊലപാതകങ്ങൾ. ഏ​റ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐ അന്വേഷിക്കുന്നത് കേരളത്തിലാണ്.

വികസനവിരോധം സ്വയം ചാർത്താവുന്ന പട്ടം

വികസനവിരോധികൾ എന്നത് എൽ.ഡി.എഫിന് സ്വയം ചാർത്താവുന്ന പട്ടമാണ്. ട്രാക്ടർ വിരുദ്ധസമരവും കമ്പ്യൂട്ടർവിരുദ്ധ സമരവും നമ്മുടെ മുന്നിലുണ്ട്. സ്വാശ്രയ കോളേജുകളെ എതിർത്തത് ആരാണ്?​. നെടുമ്പാശേരി വിമാനത്താവളം നിർമ്മിക്കാൻ തുടങ്ങുമ്പോൾ,എന്റെ നെഞ്ചത്തു കൂടിയേ വിമാനം ഇറങ്ങൂ എന്നു പറഞ്ഞ സി.പി.എം നേതാവിനെ പിന്നെ അതിന്റെ ഡയറക്ടർ ബോർഡിലാണ് കണ്ടത്. കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് നീളം പോരെന്നു പറഞ്ഞ് സമരം ചെയ്തവർ അഞ്ച് വർഷം ഭരിച്ചിട്ടും ഒരു മീറ്ററെങ്കിലും കൂട്ടിയോ?

ബോംബ്: മുഖ്യമന്ത്രി തന്നെ പറയട്ടെ

മുഖ്യമന്ത്രി പറഞ്ഞ നുണബോംബിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അറിയാമെങ്കിൽ അദ്ദേഹം തന്നെ പറയട്ടെ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് ചെന്നിത്തല ആദ്യം ആക്ഷേപമുന്നയിച്ചപ്പോൾ പരിഹസിച്ച മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഇത് അറിയാമായിരുന്നു. ഇരട്ടവോട്ട് ഗൗരവമുള്ളതാണെന്നും കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.