ബാങ്കുകൾ നിക്ഷേപ പലിശ തുടർച്ചയായി കുറച്ചുകൊണ്ടിരുന്നപ്പോഴും കേന്ദ്രത്തിന്റെ ലഘു സമ്പാദ്യ പദ്ധതികളാണ് ഒരു പരിധി വരെ സാധാരണക്കാർക്ക് ആശ്വാസം നൽകിവന്നത്. പോസ്റ്റോഫീസ് വഴിയുള്ള വിവിധ നിക്ഷേപങ്ങളുടെയും പലിശ ഇടക്കാലത്ത് ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. എങ്കിലും ബാങ്കുകളെക്കാൾ ഉയർന്ന നിരക്കിൽ പലിശ ലഭിച്ചിരുന്നതിനാൽ ജനങ്ങൾ ഇത്തരം സമ്പാദ്യ പദ്ധതികളെ അധികമായി ആശ്രയിച്ചുവന്നിരുന്നു.അവയുടെ പലിശ നിരക്കിലും ഇന്നലെ മുതൽ വലിയ കുറവു വന്നിരിക്കുകയാണ്. ഏപ്രിൽ ഒന്നു മുതലുള്ള നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശ നിരക്കായിരിക്കും ബാധകം. ഇതുവരെ ഏറ്റവും ഉയർന്ന പലിശ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപത്തിനായിരുന്നു. 7.4 ശതമാനം. അതിപ്പോൾ ആറര ശതമാനമായാണു കുറച്ചിരിക്കുന്നത്. ഇതുപോലെ മറ്റു സമ്പാദ്യ പദ്ധതികളുടെ പലിശയിലും കുറവു വരുത്തിയിട്ടുണ്ട്. സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിച്ച് സുരക്ഷിത വരുമാനം നേടി ജീവിതകാലം തള്ളിനീക്കുന്ന വയോജനങ്ങൾക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടിവരുന്നത്. നാനാപ്രകാരത്തിലും ഉയർന്നുകൊണ്ടിരിക്കുന്ന ജീവിതച്ചെലവുകൾ നേരിടാനാവാതെ ബുദ്ധിമുട്ടുന്ന അവർക്ക് ഇനി ലഘുസമ്പാദ്യ പദ്ധതികളും ആകർഷകമല്ലാതായി വരികയാണ്. സാധാരണക്കാരുടെ സമ്പാദ്യശീലത്തെയും നിരുത്സാഹപ്പെടുത്തുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഓഹരികളിലും മ്യൂച്ചൽ ഫണ്ട് പോലുള്ള ഇനങ്ങളിലും നിക്ഷേപിച്ച് വിപണിയിലെ ഭാഗ്യനിർഭാഗ്യങ്ങൾക്കൊത്തു മുന്നോട്ടുപോകാൻ മടിയുള്ള സാധാരണക്കാരാണ് ഏറ്റവും ഉറപ്പുള്ള ലഘുസമ്പാദ്യ പദ്ധതികളെ ആശ്രയിക്കാറുള്ളത്. ഒരുകാലത്ത് പന്ത്രണ്ട് ശതമാനം വരെ ആദായം ലഭിച്ചിരുന്ന സമ്പാദ്യപദ്ധതികളാണ് ഇപ്പോൾ അഞ്ചും ആറും ശതമാനത്തിലെത്തിനിൽക്കുന്നത്. വിപണിയിൽ വൻതോതിൽ പണം ഇറങ്ങിയാലേ രാജ്യം സാമ്പത്തിക വളർച്ച നേടുകയുള്ളൂ എന്ന സാമ്പത്തിക സിദ്ധാന്തമൊന്നും സാധാരണക്കാരന് മനസിലാവില്ല. നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കണമെന്ന അവരുടെ ആവശ്യം അന്യായമാണെന്നു എങ്ങനെ പറയും? പെൺകുട്ടികളുടെ സുരക്ഷിത ഭാവിക്ക് എന്ന വാഗ്ദാനവുമായി തുടങ്ങിയ 'സുകന്യ സമൃദ്ധി യോജന"യുടെ പലിശ നിരക്ക് ഇതിനിടെ പലകുറി മാറിമറിഞ്ഞു. ഏറ്റവുമൊടുവിൽ 7.6 ശതമാനമായിരുന്നത് ഇപ്പോൾ 6.9 ശതമാനമായിട്ടാണ് വെട്ടിക്കുറച്ചിരിക്കുന്നത്. പദ്ധതിയിൽ വിശ്വാസമർപ്പിച്ചവരെ പടിപടിയായി കബളിപ്പിക്കുന്ന സമീപനമാണിത്. ഓരോ മൂന്നു മാസം കൂടുമ്പോഴും നിരക്കു പുതുക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ സമ്പാദ്യ പദ്ധതികൾ കൂടുതൽ കൂടുതൽ അനാകർഷകമാകാൻ പോവുകയാണ്. പണപ്പെരുപ്പ നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നതു കണക്കിലെടുത്താണ് സമ്പാദ്യ പദ്ധതി നിരക്കുകൾ കുറയ്ക്കേണ്ടിവന്നതെന്ന് വിശദീകരണമുണ്ട്. അതുപോലെ കേന്ദ്ര സർക്കാർ വൻതോതിൽ പൊതുകടം എടുക്കാൻ തുനിയുന്നതും ഒരു കാരണമാണ്. ലഘുസമ്പാദ്യ പദ്ധതികൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നതിന് റിസർവ് ബാങ്കും എതിരാണ്.
സാമ്പത്തിക ശാസ്ത്രം എന്തുതന്നെയായാലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്യധികം നിരാശാജനകമായ നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. മുണ്ടുമുറുക്കിയുടുത്ത് നാലു കാശ് കുടുംബത്തിന്റെ ഭാവിശ്രേയസിനായി സമ്പാദിക്കാൻ മോഹിക്കുന്നവരെ നിരുത്സാഹപ്പെടുത്താനേ ഇതൊക്കെ ഉപകരിക്കൂ. കൂടുതൽ പലിശ വാഗ്ദാനം ചെയ്തു ചതിക്കുഴിയൊരുക്കി ഒടുവിൽ അപ്പാടെ മുങ്ങുന്ന പണമിടപാടു സ്ഥാപനങ്ങളിലേക്ക് ചെറിയൊരു വിഭാഗം പേരെ തിരിച്ചുവിടാനും ഇതു വഴിയൊരുക്കും. അരിഷ്ടിച്ചു മിച്ചം പിടിക്കുന്ന പണത്തിന് കൂടുതൽ ആദായം വേണമെന്ന തോന്നൽ ഏതു മനുഷ്യനും ഉണ്ടാകും. ലഘുസമ്പാദ്യ പദ്ധതികൾ വഴി സമാഹരിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായാണ് പ്രയോജനപ്പെടുത്തുന്നത്. ഇതിൽ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്കും ലഭിക്കാറുണ്ട്. ഒരുവശത്ത് സമ്പാദ്യപദ്ധതികളിലേക്ക് ആളുകളെ ആകർഷിക്കാൻ വൻ ശ്രമങ്ങൾ നടത്തുമ്പോൾ മറുവശത്ത് പദ്ധതികൾ അനാകർഷകമാക്കാനുള്ള നടപടികളും ഉണ്ടാകുന്നു. ദീർഘകാല നിക്ഷേപങ്ങളെ ബാങ്കുകൾ പോലും ഇപ്പോൾ പ്രോത്സാഹിപ്പിക്കാറില്ല. സമ്പാദ്യ പദ്ധതികളുടെ സ്ഥിതി ഇങ്ങനെയുമായി. നിത്യജീവിതം കൂടുതൽ ഞെരുങ്ങുമെന്നാണ് ഇതിന്റെയെല്ലാം അർത്ഥം.