ചിറയിൻകീഴ്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്ന് മുന്നണികൾക്കും ചിറയിൻകീഴ് മണ്ഡലത്തെക്കുറിച്ച് വാനോളമാണ് പ്രതീക്ഷ. ഇലക്‌ഷൻ പ്രചാരണത്തിനിടയിൽ വോട്ടർമാരെ കാണുമ്പോൾ അവർ കാണിക്കുന്ന സ്നേഹ പ്രകടനങ്ങളും വാഹനജാഥയ്ക്ക് സ്വീകരണം നൽകുന്നയിടങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയും എല്ലാം ജനമനസ് തങ്ങൾക്കൊപ്പമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശശിയുടെ വാഹന പര്യടനം ഇന്നലെ രാവിലെ അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരം തുരുത്തിൽ നിന്ന് ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പെരുങ്ങുഴി മേട ജംഗ്ഷനിൽ സമാപിച്ചു. ഇന്നത്തെ പര്യടനം കിഴുവിലം ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറത്ത് നിന്ന് ആരംഭിച്ച് വൈദ്യന്റെ മുക്കിൽ സമാപിക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്. അനൂപ് ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം തുമ്പ മുതൽ അഞ്ചുതെങ്ങ് വരെയുള്ള റോഡ് ഷോയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം കഠിനംകുളം പഞ്ചായത്തിലായിരുന്നു പര്യടനം. ഇന്ന് രാവിലെ കഠിനംകുളം പഞ്ചായത്തിലും ഉച്ചയ്ക്ക് ശേഷം മുരുക്കുംപുഴ - മംഗലപുരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥിന്റെ പ്രചാരണം കിഴുവിലം ഗ്രാമഞ്ചായത്തിലെ പുളിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാത്രി അംബ്ദേകർ ഗ്രാമത്തിൽ അവസാനിച്ചു. ഇന്ന് രാവിലെ മുതൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സന്ദർശനം നടത്തും.