അറുപത് വയസ് കഴിഞ്ഞവരുടെ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജീവിതശൈലീരോഗങ്ങളാണ് പ്രധാനമായും ഇവരുടെ വില്ലൻ.
ഒരു രോഗം ദീർഘനാൾ നിലനിൽക്കുന്നത്, അതിന് ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകൾ, ജീവിതരീതിയിൽ ആവശ്യമായ മാറ്റങ്ങൾ എന്നിവ കാരണം മറ്റു രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
ആദ്യത്തെ ജീവിതശൈലീ രോഗം പിടിപെടുന്നത് പരമാവധി വൈകിപ്പിക്കാൻ സാധിച്ചാൽ തുടർന്നുള്ള രോഗങ്ങളുടെ എണ്ണവും അവ തമ്മിൽ ചേർന്നുണ്ടാകുന്ന കുഴപ്പങ്ങളും അസുഖങ്ങളുടെ അനുബന്ധ ഉപദ്രവങ്ങളും കുറയ്ക്കാൻ സാധിക്കും.
അറുപത് വയസ് കഴിഞ്ഞിട്ടും പ്രത്യേകിച്ച് രോഗമൊന്നുമില്ലാത്തവർ നിരവധിപേരുണ്ട്. എന്നാൽ, മൂന്നു മുതൽ അഞ്ചുവരെ ജീവിതശൈലീരോഗങ്ങളുള്ളവരാണ് അധികവും. അവയിൽ തന്നെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിതവണ്ണം, തൈറോയ്ഡ്, ഹൃദ്രോഗം, കരൾ രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവയാണ് പലർക്കുമുള്ളത്.
ഇത്തരം രോഗങ്ങൾക്കെല്ലാം തുടർച്ചയായി മരുന്ന് കഴിച്ചു കൊണ്ടിരിക്കേണ്ടതും രോഗാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണവും ശീലവും വ്യത്യാസം വരുത്തേണ്ടതുമാണ്.
വളരെയേറെ മരുന്നുകൾ കഴിച്ച് ഒരു രോഗത്തെ ശമിപ്പിച്ച് നിർത്തേണ്ടി വരുമ്പോൾ അതു കാരണവും ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ ഒരു രോഗത്തെ ശമിപ്പിക്കുന്നതിന് എത്രമാത്രം വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുമോ അത്രമാത്രം ബുദ്ധിമുട്ടുകൾ ഭാവിയിൽ കുറഞ്ഞിരിക്കും. എന്നാൽ, വീര്യം കുറഞ്ഞ മരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിലും ശരിയായ രോഗശമനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
മറ്റു മരുന്നുകളുടെ പാർശ്വഫലങ്ങൾ നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കുമെന്നതും വേദനാസംഹാരികൾ ഉൾപ്പെടെ പല മരുന്നുകളും വൃദ്ധജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിന് പകരമായി ആയുർവേദ മരുന്നുകൾ ഉപയോഗപ്പെടുത്തി രോഗികളുടെ വേദന സർക്കാർ പദ്ധതിയിലൂടെ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നതും രോഗികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
ചുരുക്കത്തിൽ, പല രോഗങ്ങൾക്കും ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ചില മരുന്നുകളെങ്കിലും കുറയ്ക്കാനും ചിലത് ഒഴിവാക്കാനും പകരം സുരക്ഷിതമായ ചികിത്സ ലഭ്യമാക്കാനുമുള്ള ഒരു ബദൽ സംവിധാനമാണ് വൃദ്ധജനങ്ങൾക്ക് ലഭിക്കുന്ന ആയുർവേദ ചികിത്സാ പദ്ധതികൾ.