തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്രത്തിലെ മോദി സർക്കാരിന്റെ തനിപ്പകർപ്പാണ് കേരളത്തിലെ ഇടതു സർക്കാരെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. കർഷക സമരത്തോട് കേന്ദ്രം കാട്ടിയ നിഷേധ നയത്തിന് സമാനമാണ് മത്സ്യത്തൊഴിലാളികളോട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോർപ്പറേറ്റുകളുമായി കൈകോർത്ത് കടലും കടപ്പുറവും അമേരിക്കൻ കമ്പനിക്ക് തീറെഴുതുകയാണ് സി.പി.എം. ഇടതു ഭരണകാലത്താണ് സംസ്ഥാനത്ത് ബി.ജെ.പി വളരുന്നത്. അവർ തമ്മിലുള്ള ശക്തമായ ധാരണയ്ക്ക് തെളിവാണത്. അഴിമതിയിലും കോഴ ആരോപണങ്ങളിലും മുങ്ങിയ ഇടതു സർക്കാർ പൊള്ളയായ പ്രചാരണങ്ങളിലും അവകാശവാദങ്ങളിലുമാണ് നിലനില്ക്കുന്നത്. സ്വർണക്കള്ളക്കടത്ത്, പിൻവാതിൽ നിയമനം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മറുപടിപറയാൻ മുഖ്യമന്ത്രിക്കാവുന്നില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പിയെ ഇക്കുറി കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ തൂത്തെറിയും. യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.പി.സി.സി ആവിഷ്കരിച്ച വാട്സ് ആപ് ഓട്ടോമേറ്റഡ് സംവിധാനം സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തെയും സ്ഥാനാർത്ഥികളെയും സംബന്ധിച്ച സമ്പൂർണവിവരണം ഉൾക്കൊള്ളുന്നതാണിത്.