ma-baby

തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തിൽ നാലു ലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോർത്തിയെന്നും, ഇവരുടെ ഡാറ്റ അപ്‌ലോഡ് ചെയ്തത് സിംഗപ്പൂർ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഐ.പി അഡ്രസിൽ നിന്നാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു.

വോട്ടർമാരുടെ ചിത്രങ്ങളോടെ വ്യക്തിഗതവിവരങ്ങൾ വിദേശത്തേക്ക് കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ട്. ചെന്നിത്തലയുടേത് സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങൾ കൈമാറിയതെന്നും കേരിയിൽ മുഖാമുഖം പരിപാടിയിൽ എം.എ. ബേബി ആരോപിച്ചു. വ്യക്തിവിവരങ്ങൾ അന്യരാജ്യത്തേക്ക് കൈമാറുന്നതിന് നിയമപരമായ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് ചെന്നിത്തല വ്യക്തമാക്കണം. സ്‌പ്രിൻക്ളർ വിഷയം ഉയർന്നപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ആരോപണം ഉന്നയിച്ച യുവ എം.എൽ.എമാർ ഇപ്പോൾ മിണ്ടാത്തതെന്താണ്? ഇരട്ടവോട്ട് പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. വോട്ടർ പട്ടികയിലെ പോരായ്മ പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന നടപടികളെ സ്വാഗതംചെയ്യും. പിണറായി വിജയൻ പമ്മി നടന്ന് ഇരട്ട വോട്ട് ഉണ്ടാക്കിയെടുത്തെന്നാണ് ചെന്നിത്തലയുടെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചു പറയുന്നത് ചെന്നിത്തല ശീലമാക്കിയിരിക്കുകയാണ്.

പ്രധാനമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് നരസിംഹറാവുവാണ് ആഴക്കടൽ പതിച്ചുകൊടുത്തതെന്നും, അന്ന് പാർലമെന്റംഗമായിരുന്ന രമേശ് ചെന്നിത്തല അതിനെതിരെ യാതൊന്നും പ്രതികരിച്ചില്ലെന്നും എം.എ.ബേബി പറഞ്ഞു.