കല്ലമ്പലം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാനുള്ള ദിവസമടുത്തതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പര്യടനം മണ്ഡലത്തെ ഇളക്കി മറിച്ചു. സ്വീകരണ സ്ഥലങ്ങളിലെല്ലാം തന്നെ വൻ വരവേല്പാണ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിയുടെ വാഹന പ്രചാരണ പര്യടനം ഇന്നലെ രാവിലെ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ചു. അമ്മൻകോവിൽ, വള്ളക്കടവ്, എൽ.പി.ജി.എസ്, ആശുപത്രിമുക്ക്, നാടകമുക്ക്, ഗോഡൗൺ, റെയിൻവേസ്റ്റേഷൻ, പഴവിള, പുന്നമൂട്, വാച്ചർമുക്ക്, ലക്ഷംവീട്, കൊച്ചുവിള, കുരയ്ക്കണ്ണി, ബോർണ്ണിയോമുക്ക്, ഓടയംമുക്ക്, ജനതാമുക്ക്, എസ്.പി.എൽ, ഗുരുനഗർ, റോഡുവിള, കാരമുക്ക്, മാവിള, കണ്ണംബ, ചാലുവിള, വർക്കല രാധാകൃഷ്ണൻ സ്ക്വയർ, ചുമടുതാങ്ങി, തൊട്ടിപ്പാലം, മൈതാനം, രഘുനാഥപുരം, എം.ജി കോളനി, ലക്ഷംവീട്, നടയറ വഴി രാത്രി 7 മണിയോടെ പന്തുകുളത്ത് സമാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വൻ തിരക്കായിരുന്നു സ്വീകരണ പോയിന്റുകളിൽ. ഇന്ന് രാവിലെ നാവായിക്കുളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വൈകിട്ടോടെ കുടവൂരിൽ സമാപിക്കുന്നതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാകും.
യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീറിന്റെ പ്രചാരണ പര്യടനം ഇന്നലെ രാവിലെ പള്ളിക്കൽ പഞ്ചായത്തിൽ നിന്നാരംഭിച്ചു. നെട്ടയം, മുതിയക്കോണം, ഉണ്ടപ്പാറ, കാട്ടുപുതുശ്ശേരി, പ്ലാച്ചിവിള തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് ഉച്ച കഴിഞ്ഞ് പര്യടനത്തിന് കൊഴുപ്പ് കൂട്ടാൻ പള്ളിക്കലിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റുമെത്തി. പള്ളിക്കലിനെ ഇളക്കി മറിച്ച ജന കൂട്ടത്തോട് പിണറായി ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും വർക്കലയുടെ വികസനത്തിന് മികച്ച സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിന് കിട്ടിയതെന്നും ഷഫീറിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ന് പര്യടനം ഇടവ കാപ്പിൽ നിന്നാരംഭിച്ച് പാറപ്പുറം, വെറ്റക്കട, മാന്തറ ക്ഷേത്രം, പറമ്പിൽ ക്ഷേത്രം, അഞ്ചുമുക്ക്, ഓടയംമുക്ക്, ജനതാമുക്ക്, മരക്കടമുക്ക്, മുള്ളിയ്ക്കക്കാട്, കുരുവിള ജംഗ്ഷൻ, അംബേദ്‌കർ, മാവുനിന്നവിള, നെല്ലേറ്റിൽ കടവ്, മൂടില്ലാവിള തുടങ്ങി 35 സ്ഥലങ്ങളിൽ സ്വീകരണം എറ്റുവാങ്ങി രാത്രി 7 മണിയോടെ ഇടവ ജംഗ്ഷനിൽ സമാപിക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന്റെ പര്യടനം ഇന്നലെ രാവിലെ 9.30 ന് വെട്ടൂർ പഞ്ചായത്തിലെ പ്ലാവഴികത്ത് നിന്നാരംഭിച്ചു. മുപ്പതോളം സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി 7 മണിയോടെ വർക്കലയിൽ സമാപിച്ചു. ഇന്ന് രാവിലെ മുതൽ ഇലകമൺ പഞ്ചായത്തിൽ പര്യടനം നടത്തും. നാട്യ മില്ലാത്ത നാട്ടുകാരനെ കാണാനും ആശിർവദിക്കാനും ഇന്നലെ സ്വീകരണ വേളകളിൽ വൻ ജന കൂട്ടമായിരുന്നു.