binoy

തിരുവനന്തപുരം: 12 മണ്ഡലങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ടെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി ആരോപിച്ചു. ഗുരുവായൂരിലും തലശേരിയിലും ദേവികുളത്തും ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഇല്ലാതായതിന്റെ കാരണം അതാണ്. രാജ്യത്ത് ആയിരക്കണക്കിന് സ്ഥാനാർത്ഥികളെ നിറുത്തി ഭരണമുണ്ടാക്കിയിട്ടുള്ള ബി.ജെ.പിക്ക് നോമിനേഷൻ പൂരിപ്പിക്കാനറിയില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ. ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.എ. ഖാദർ ജയിക്കണമെന്നാണ് ബി.ജെ.പിയുടെ പ്രബല നേതാവ് പറയുന്നത്. തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാത്ഥി ഷംസീർ തോൽക്കണമെന്നും പറയുന്നു.

സൂര്യൻ പടിഞ്ഞാറുദിക്കുന്ന കാലമുണ്ടായാലും എൽ.ഡി.എഫിന് ബി.ജെ.പിയെ അംഗീകരിക്കാൻ കഴിയില്ല. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഇന്ത്യൻ പതിപ്പായ ബി.ജെ.പിയുമായി ഒത്തുചേരാൻ കഴിയില്ല. ക്രിസ്ത്യാനികളുടെ സംരക്ഷകരെന്ന് ചമയുന്ന ബി.ജെ.പി, യഥാർത്ഥത്തിൽ ചെന്നായയുടെ വേഷമാണ് കെട്ടുന്നത്. കേരളത്തിൽ ബി.ജെ.പി പ്രധാന പ്രതിയോഗി അല്ല. പ്രതിപക്ഷത്തിന്റെ പാർട്ണർ മാത്രമാണ്.