murali

വെഞ്ഞാറമൂട്: പരസ്യ പ്രചാരണത്തിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോൾ ജയം ഉറപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തിറക്കി മുന്നണികൾ. പ്രായമായവർ, യുവജനങ്ങൾ, വീട്ടമ്മമാർ എന്നിങ്ങനെ വോട്ടർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പ്രചാരണം മുന്നേറുന്നത്.

സമ്മേളനങ്ങൾക്കും വീട് കയറിയുള്ള പ്രചാരണത്തിലും സ്ഥാനാർത്ഥികൾ മുൻതൂക്കം നൽകുന്നു.

എതിർ ചേരിക്കാരുടെ ഉറപ്പുകൾ വെറും പാഴ്‌വാക്കുകൾ മാത്രമെന്ന ആക്ഷേപം ഉന്നയിച്ച് പ്രതിരോധിക്കാനും മുന്നണികൾ ശ്രദ്ധിക്കുന്നുണ്ട്. കൈനിറയെ പെൻഷൻ വാഗ്ദാനം നൽകിയാണ് സ്ഥാനാർത്ഥികൾ മുതിർന്നവരെ സമീപിക്കുന്നത്.

ഭൂരിപക്ഷത്തെ സ്വാധീനിക്കാവുന്ന പുതിയ വോട്ടർമാർ മുന്നണികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പി.എസ്.സി നിയമനത്തിലെ കാലതാമസവും പിൻവാതിൽ നിയമനവും യു.ഡി.എഫും എൻ.ഡി.എയും ചർച്ചയാക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി കിട്ടിയത് ഇടത് സർക്കാരിന്റെ കാലത്തെന്നാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ പക്ഷം. യുവജനങ്ങളെ തങ്ങൾക്കൊപ്പം എത്തിക്കാൻ സ്ത്രീശാക്തീകരണവും സ്വയം തൊഴിൽ വായ്പ പദ്ധതിയും ഉൾപ്പെടെ മുന്നണികൾ ചർച്ചാവിഷയമാക്കുന്നുണ്ട്.

പ്രചാരണത്തിന്റെ അവസാന ലാപ്പിൽ വിട്ടുപോയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യത്തിൽ എത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. വിഷു അടുത്തതോടെ കണിക്കൊന്നയും പച്ചക്കറിയുമൊക്കെയായാണ് പ്രവർത്തകർ സ്ഥാനാർത്ഥികളെ സ്വീകരിക്കുന്നത്. എതിർ സ്ഥാനാർത്ഥികൾ ഒരേ സ്ഥലത്ത് സ്വീകരണത്തിനും പ്രചാരണത്തിനും എത്തുന്നത് പ്രവർത്തകരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്നു.

വാമനപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളി കഴിഞ്ഞ ദിവസം പനവൂർ, ആനാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആനാട്, മരുതും കുഴി, വഞ്ചുവം, ടോൾമുക്ക്, മണിയൻ മുക്ക്, വേങ്കവിള, പള്ളിമുക്ക്, മൂഴിയിൽ എന്നിവിടങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ നന്ദിയോട് പഞ്ചായത്തിൽ പര്യടനം നടത്തി. പിന്നാക്ക മേഖലകളിലും തോട്ടം തൊഴിലാളികളെയും, കച്ചവടക്കാരെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ കഴിഞ്ഞ ദിവസം എസ്.എൻ.ഡി.പി നേതാക്കളെയും മറ്റ് മത നേതാക്കളെയും കണ്ട് വൈകിട്ട് 7ന് പത്രസമ്മേളനം നടത്തി.

ആറ്റിങ്ങൽ മണ്ഡലം

ആറ്റിങ്ങൽ മണ്ഡലത്തിൽ എത്താൻ ഇനി ഒരിടവും ബാക്കിയില്ല എന്ന് ഉറപ്പുവരുത്തി സ്ഥാനാർത്ഥികളും പ്രവർത്തകരും. പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും സ്വീകരണ സ്ഥലങ്ങളിൽ നിന്ന് സ്വീകരണ സ്ഥലത്തേക്ക് പായുകയാണ്. എങ്ങും അനൗൺസ്‌മെന്റ് മുഖരിതം, റോഡ് ഷോ, കലാജാഥകൾ, നാസിക് ഡാൻസ്, നാടെങ്ങും ഉത്സവ പ്രതീതി. ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക കഴിഞ്ഞ ദിവസം പുളിമാത്ത് പഞ്ചായത്തിൽ കാട്ടുപുറം, പുളിമാത്ത്, കാരേറ്റ്, പേടികുളം, അരി വാരിക്കുഴി, പോറ്റിമുക്ക് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

യു.ഡി.എഫ് സ്ഥാനാർത്ഥി എ. ശ്രീധരൻ ചെറുന്നിയൂർ പഞ്ചായത്തിൽ പര്യടനം നടത്തി. പ്രധാനമായും കോളനികൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദ എത്തിയതോടെ കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉത്സവ പ്രതീതിയിലായി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. മൂന്നുമുക്ക് മുതൽ കച്ചേരി ജംഗ്ഷൻ വരെ റോഡ് ഷോ നടത്തി.